സ്വന്തം ലേഖകന്‍: ‘എന്റെ ശരീരത്തിന് കുഞ്ഞിനെ താങ്ങാനോ ജന്മം നല്‍കാനോ ഉള്ള കരുത്തില്ല. ഈ കുഞ്ഞിനെ ഇല്ലാതാക്കാന്‍ അനുമതി നല്‍കണം,’ പീഡനത്തിന് ഇരയായി ഗര്‍ഭിണിയായ 10 വയസുകാരി അപേക്ഷയുമായി സുപ്രീം കോടതിയില്‍. അമ്മയുടെ സഹോദരന്റെ പീഡനത്തിനിരയായി ഗര്‍ഭിണിയായ പത്തു വയസ്സുകാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 26 ആഴ്ച പ്രായമുള്ള കുഞ്ഞാണ് ഈ പെണ്‍കുട്ട്യുടെ ഉദരത്തിലുള്ളത്.
പെല്‍വിക് അസ്ഥികള്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കാത്തതു മൂലം കുഞ്ഞിനെ ഉദരത്തില്‍ ചുമക്കുന്നത് പെണ്‍കുട്ടിയുടെ ജീവനു തന്നെ ഭീഷണിയാണ്. പ്രസവമാണെങ്കിലും സിസേറിയനാണെങ്കിലും അതും പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായേക്കും. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഗര്‍ഭഛിദ്രത്തിനുള്ള അനുമതിക്കായി ജില്ലാക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. കഠിനമായ വയറു വേദനയുമായി പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയപ്പോഴാണ് പീഡനത്തിന്റെ കാര്യവും ഗര്‍ഭിണിയാണെന്നതും പുറത്തറിയുന്നത്.
ഇരുപത് ആഴ്ചയില്‍ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമം അനുവദിക്കാത്തതാണ് ജില്ലാക്കോടതി ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ കാരണമായത്. അമ്മയുടെയോ കുഞ്ഞിന്റെയോ ജീവനു ഭീഷണിയാകുന്ന സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം അനുവദിനീയമാണെങ്കിലും പ്രതികൂലമായ വിധിയാണ് ജില്ലാക്കോടതിയില്‍നിന്ന് പെണ്‍കുട്ടിക്കും കുടുംബത്തിനും ലഭിച്ചത്.
മാധ്യമവാര്‍ത്തകളില്‍നിന്ന് സംഭവത്തെ കുറിച്ചറിഞ്ഞ അലാഖ് അലോക് ശ്രീവാസ്തവ എന്ന അഭിഭാഷകനാണ് സുപ്രിം കോടതിയെ സമീപിക്കാന്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും സഹായിച്ചത്. ഇദ്ദേഹമാണ് ഹര്‍ജിയുമായി സുപ്രിം കോടതിയെ സമീപിച്ചതും. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പഠിക്കാന്‍ ചണ്ടീഗഢ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘത്തെ സുപ്രീം കോടതി നിയോഗിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല