1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2024

സ്വന്തം ലേഖകൻ: പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വക്താക്കള്‍ക്കുമായി പുതിയ ദീര്‍ഘകാല റസിഡന്‍സി വീസ പ്രഖ്യാപിച്ച് യുഎഇ. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന വീസ ‘ബ്ലൂ റെസിഡന്‍സി’ എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത വ്യക്തികള്‍ക്കാണ് ഈ വീസ അനുവദിക്കുക. യുഎഇക്ക് അകത്തും പുറത്തുമുള്ള സുസ്ഥിര സംരംഭങ്ങളെ അംഗീകരിക്കുയും പിന്തുണയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്ലൂ റസിഡന്‍സി വീസയുമായി യുഎഇ രംഗത്തെത്തിയിരിക്കുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ അബൂദാബിയിലെ ഖസ്‌റ് അല്‍ വത്വന്‍ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും അവയ്ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര കമ്പനികള്‍, അസോസിയേഷനുകള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയിലെ അംഗങ്ങള്‍, ഈ മേഖലയിലെ ആഗോള അവാര്‍ഡ് ജേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തനത്തിലെ വിശിഷ്ട വ്യക്തികള്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്ക് ബ്ലൂ റെസിഡന്‍സി അനുവദിക്കും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി വഴി യോഗ്യരായ വ്യക്തികള്‍ക്ക് ദീര്‍ഘകാല വീസയ്ക്കായി അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

പരിസ്ഥിതി സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് ബ്ലൂ റെസിഡന്‍സിക്ക് നാമനിര്‍ദ്ദേശം ചെയ്യാനും കഴിയും. 2024 സുസ്ഥിരതയുടെ വര്‍ഷമായി ആചരിക്കുന്നതിനായി രാജ്യം ആരംഭിച്ച സംരംഭങ്ങളുടെ ഭാഗമാണ് പുതിയ റെസിഡന്‍സി പദ്ധതിയെന്നും ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

രണ്ട് വര്‍ഷത്തെ സാധുതയുള്ള റെസിഡന്‍സി വീസകളാണ് സാധാരണ വിദേശികള്‍ക്ക് യുഎഇ അനുവദിക്കാറ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി 2019-ല്‍, നിക്ഷേപകര്‍, സംരംഭകര്‍, ശാസ്ത്രജ്ഞര്‍, മികച്ച വിദ്യാര്‍ത്ഥികള്‍, ബിരുദധാരികള്‍, വിവിധ മേഖലകളിലെ തുടക്കക്കാര്‍ എന്നിവര്‍ക്കായി ഗോള്‍ഡന്‍ വീസകള്‍ എന്ന പേരില്‍ 10 വര്‍ഷത്തെ റെസിഡന്‍സി വീസ പദ്ധതി രാജ്യം പ്രഖ്യാപിച്ചിരുന്നു.

മൂന്ന് വര്‍ഷത്തിന് ശേഷം, വിദഗ്ധരായ പ്രൊഫഷണലുകള്‍, ഫ്രീലാന്‍സര്‍മാര്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവര്‍ക്കായി ഗ്രീന്‍ വീസ എന്ന പേരില്‍ അഞ്ച് വര്‍ഷത്തെ റെസിഡന്‍സി വീസയും രാജ്യം പ്രഖ്യാപിച്ചു. അതിനു പിന്നാലെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കായി പുതിയ 10 വര്‍ഷ വീസ അവതരിപ്പിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.