ആയിരം കോടി രൂപയുടെ മുതല്‍മുടക്കില്‍ കേരളത്തില്‍ പുതിയ മാധ്യമസംരംഭത്തിന് അരങ്ങൊരുന്നതായി റിപ്പോര്‍ട്ടുകള്‍. കൈരളി ടിവി എംഡിയായിരുന്ന ജോണ്‍ ബ്രിട്ടാസും സൂപ്പര്‍താരവും മലയാളത്തിലെ മറ്റൊരു പ്രമുഖ ചാനലിന്റെ ഉടമയും ചേര്‍ന്നുള്ള സംയുക്തസംരഭമാണ് കമ്പനിയെന്നും സൂചനകളുണ്ട്.
സഹസ്ര കോടി മുതല്‍ മുടക്കില്‍ ആരംഭിയ്ക്കുന്ന കമ്പനിയുടെ ആദ്യലക്ഷ്യം മലയാളത്തില്‍ പുതിയൊരു ചാനലാണ്. കമ്പനിയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് അന്തിമഘട്ടത്തിലാണ്. 100 നിക്ഷേപകില്‍ നിന്ന് 10 കോടി രൂപ വീതം നിക്ഷേപം വാങ്ങിയാണ് മൂലധനം സ്വരൂപിയ്ക്കുന്നത്.
മലയാളികളല്ലാത്തവരും ചാനലില്‍ മുതല്‍മുടക്കുമെന്നും സൂചനകളുണ്ട്. കൊച്ചി ടീമിന്റെ മാതൃകയില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള വന്‍ ബിസ്സിനസ്സുകാരായിരിക്കും ചാനലിലെ നിക്ഷേപകരായെത്തുക. രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ പൂര്‍ത്തിയാക്കിയ ശേഷം കമ്പനിയുടെ പ്രവര്‍ത്തനം ഒരു വര്‍ഷത്തിനുള്ളില്‍ തുടങ്ങുമത്രേ.
സൂപ്പര്‍താരം ആരെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും മമ്മൂട്ടിയാണ് ചാനലിന് ചുക്കാന്‍ പിടിയ്ക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിയ്ക്കപ്പെട്ടിട്ടില്ല. മമ്മൂട്ടിയുടെ ഇപ്പോഴത്തെ ലണ്ടന്‍ യാത്ര നിക്ഷേപകരെ തേടിയുള്ളതാണെന്നും മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം സൂചിപ്പിയ്ക്കുന്നു. നടനും മറ്റൊരു ചാനലിന്റെ മാനേജിങ് ഡയറക്ടറും കമ്പനിയില്‍ മുതല്‍മുടക്കും. ബ്രിട്ടാസിന്റേത് സേവന ഓഹരിയായിരിക്കുമെന്നാണ് അറിയുന്നത്. ചാനല്‍ തുടങ്ങുന്നതുവരെ ബ്രിട്ടാസ് ബിബിസി പോലുള്ള അന്താരാഷ്ട്രമാധ്യമങ്ങളില്‍ പ്രവര്‍ത്തിയ്ക്കും.
സംസ്ഥാനത്തെ കേബിള്‍ ശൃംഖല കൂടി പിടിച്ചടക്കാനുള്ള സാധ്യതകളും പുതിയ കമ്പനി തേടുന്നുണ്ട്. സൂപ്പര്‍താരത്തിന്റെ വിപണി മൂല്യം പരമാവധി മുതലാക്കുന്ന രീതിയിലായിരിക്കും ചാനലിന്റെ പ്രവര്‍ത്തനം. കമ്പനി ആരംഭിച്ചുകഴിഞ്ഞാല്‍ നടന്റെ എല്ലാ സിനിമകളുടെ സംപ്രേക്ഷണവകാശം ചാനലിനായിരിക്കും.
വിദേശനാടുകളിലെപ്പോലെ സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിയ്ക്കുമ്പോള്‍ തന്നെ ചാനല്‍ വഴി സംപ്രേക്ഷണം ചെയ്യാനുള്ള സാധ്യതകളും പുതിയ കമ്പനി ആരായുന്നുണ്ട്. കേരളത്തില്‍ ചുവടുറപ്പിച്ചതിന് ശേഷം മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിയ്ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല