1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2024

സ്വന്തം ലേഖകൻ: രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിനെ ഏറ്റവും ആശങ്കപ്പെടുത്തിയ, ലോകത്തെ വേദനിപ്പിച്ച സംഘര്‍ഷഭരിതമായ ആയിരം ദിനങ്ങള്‍. റഷ്യ-യുക്രൈന്‍ യുദ്ധമാരംഭിച്ച് ആയിരം ദിവസങ്ങളാകുന്നു. ഈ കാലയളവില്‍ പത്തുലക്ഷത്തിലധികം പാരാണ് യുദ്ധക്കെടുതിയ്ക്കിരയായായത്.

യുദ്ധമാരംഭിച്ച ശേഷം ഇത്രയധികം പേര്‍ക്ക് ജീവഹാനിയുണ്ടാകുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതായാണ് കണക്കുകള്‍. യുക്രൈനില്‍ മാത്രം 12,000 ത്തോളം പേര്‍ മരിച്ചു, 25,000-ത്തോളം പേര്‍ക്ക് പരിക്കേറ്റു. 2024 ഓഗസ്റ്റ് വരെയുള്ള യു.എന്‍. കണക്കാണിത്. അനൗദ്യോഗികകണക്കില്‍ ചിലപ്പോള്‍ സംഖ്യകള്‍ വര്‍ധിച്ചേക്കാം.

യുക്രൈനിലെ നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും റഷ്യന്‍ വ്യോമാക്രമണങ്ങളാല്‍ തകര്‍ന്നുതരിപ്പണമായിരിക്കുകയാണ്. യുക്രൈനുണ്ടായ സാമ്പത്തികനഷ്ടം നാല്‍പ്പത്തിയൊന്നുലക്ഷം കോടി രൂപയാണ്. ഭവനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും തകര്‍ന്നു. ഒരു ജനതയുടെ യാതനകളുടെ കഥകളാണ് യുദ്ധം അലങ്കോലമാക്കിയ യുക്രൈനില്‍നിന്ന് ദിവസവും പുറത്തുവരുന്നത്.

അതീവരഹസ്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് മരണസംഖ്യ ഔദ്യോഗിക കണക്കുകളുടെ എത്രയോ മടങ്ങാണ്. യുക്രൈന്റെ 80,000 സൈനികര്‍ ഇതിനകം മരിച്ചതായാണ് കണക്ക്. നാല് ലക്ഷത്തോളം പേര്‍ക്ക് ഇതിനോടകം പരിക്കേറ്റിട്ടുണ്ട്.

പശ്ചാത്യഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് രണ്ട് ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ക്ക് ജീവഹാനിയുണ്ടായി. നാല് ലക്ഷത്തോളം പേര്‍ക്ക് പരിക്കേറ്റു. ജനസംഖ്യ കുറയുന്ന സാഹചര്യമുള്ള റഷ്യ, യുക്രൈന്‍ രാജ്യങ്ങള്‍ യുദ്ധത്തിനുമുന്‍പ് തന്നെ ഈ വിഷയത്തെ കുറിച്ചുള്ള ആശങ്കയിലായിരുന്നു. യുദ്ധമാരംഭിച്ചതും തുടരുന്നതും ജനസംഖ്യാവിഷയത്തില്‍ കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ്.

ടാങ്കുകള്‍, സായുധസൈനികവാഹനങ്ങള്‍, തുടങ്ങിയ സൈനികസന്നാഹങ്ങളുടെ മുന്നിലും പിന്നിലും തുരങ്കങ്ങള്‍ക്കുള്ളിലും പോരാടിക്കൊണ്ടിരിക്കുന്ന സൈനികരുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതായാണ് വിവരം. സൈനികരുടെ എണ്ണം നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങളും ഏറെ ബുദ്ധിമുട്ടുകയാണ്.

എങ്കിലും യുദ്ധതന്ത്രങ്ങളേക്കാള്‍ രഹസ്യമായാണ് തങ്ങളുടെ ഭാഗത്ത് നിന്ന് യുദ്ധത്തില്‍ മരിച്ച സൈനികരുടെ എണ്ണം രഷ്യയും യുക്രൈനും സൂക്ഷിച്ചിരിക്കുന്നത്. യുദ്ധത്തോടെ യുക്രൈനിലെ ജനനനിരക്ക് മൂന്നിലൊന്നായി കുറഞ്ഞതായാണ് കണക്ക്. യുക്രൈനിലെ ജനസംഖ്യയില്‍ ഒരുകോടിയോളം കുറവുവന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

യുദ്ധം കാരണം ഏറെ ബാധിക്കപ്പെട്ടത് യുക്രൈനാണ്. മാത്രമല്ല, യുക്രൈന്‍ അതിര്‍ത്തികളിലേക്ക് റഷ്യന്‍ അധിനിവേശവും അധികമായതായി റിപ്പോര്‍ട്ടുണ്ട്. യുക്രൈന്റെ അഞ്ചിലൊന്ന് ഭാഗം തങ്ങള്‍ കൈവശപ്പെടുത്തിയതായാണ് റഷ്യയുടെ അവകാശവാദം. സമ്പദ്ഘടനയും ശിഥിലമായ യുക്രൈന്‍ യുദ്ധാനന്തരം ഏതുവിധത്തില്‍ കരകയറുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. യുദ്ധം താറുമാറാക്കിയ ഒരു തലമുറയുടെ ഭാവികാലവും ആശങ്കയുടെ മുള്‍മുനയിലാണ്.

അതേസമയം പാശ്ചാത്യ രാജ്യങ്ങള്‍ക്കും യുക്രെയ്നുമെതിരെ ആവശ്യമുള്ളപ്പോള്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാമെന്ന ഉത്തരവില്‍ ഒപ്പിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. യുക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ 1,000-ാം ദിവസത്തിലാണ് പുടിന്‍ ഉത്തരവില്‍ ഒപ്പിട്ടത്. റഷ്യയ്ക്കുള്ളിലെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതിന് അമേരിക്ക ഉക്രെയ്‌ന് അനുമതി നല്‍കിയതിന് പിന്നാലെയാണ് റഷ്യയുടെ സുപ്രധാന നീക്കം.

ആണവ ശക്തികളുടെ പിന്തുണയുണ്ടെങ്കില്‍ ആണവ ഇതര രാഷ്ട്രത്തിനെതിരെ ആണവായുധം പ്രയോഗിക്കുന്നത് റഷ്യ പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ‘ഒരു ആണവ രാഷ്ട്രത്തിന്റെ പങ്കാളിത്തത്തോടെ ഒരു ആണവ ഇതര രാഷ്ട്രം നടത്തുന്ന ആക്രമണം സംയുക്ത ആക്രമണമായി കണക്കാക്കപ്പെടുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. യുക്രെയ്‌നെയും അവരെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങളെയും ലക്ഷ്യമിട്ടാണ് റഷ്യയുടെ നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.