സ്വന്തം ലേഖകന്‍: ഒന്നാം ലോകയുദ്ധത്തിന്റെ നൂറാം വാര്‍ഷികം, ഓര്‍മകള്‍ പങ്കിട്ട് ബ്രിട്ടനും ഫ്രാന്‍സും. യുദ്ധത്തിന്റെ ഭാഗമായി വടക്കന്‍ ഫ്രാന്‍സിലെ സോമില്‍ സൈനികര്‍ പടവെട്ടിയതിന്റെ നൂറാം വാര്‍ഷികമാണ് ബ്രിട്ടനിലേയും ഫ്രാന്‍സിലേയും നേതാക്കള്‍ ഒരുമിച്ച് അനുസ്മരിച്ചത്. സോമില്‍ ജര്‍മന്‍ സേനക്കെതിരെ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് യുദ്ധം തുടങ്ങിയ ആദ്യ ദിവസം തന്നെ (1916 ജൂലൈ ഒന്ന്) ആയിരക്കണക്കിന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
അന്ന് യുദ്ധത്തിന് തുടക്കംകുറിച്ച് നടന്ന പീരങ്കി ആക്രമണത്തത്തെുടര്‍ന്ന് രൂപംകൊണ്ട ഗര്‍ത്തത്തില്‍ ആക്രമണത്തെ അനുകരിച്ച് ഫ്രാന്‍സ് റോക്കറ്റ് സ്‌ഫോടനം നടത്തിയതോടെയാണ് യുദ്ധവാര്‍ഷികത്തിന് തുടക്കമായത്. രണ്ട് മിനിറ്റ് നീണ്ട മൗനാചരണത്തോടെ യുദ്ധാനുസ്മരണം ആരംഭിച്ചു. ബ്രിട്ടനില്‍ സൈന്യം പാര്‍ലമെന്റ് മന്ദിരത്തിന് സമീപം 100 സെക്കന്‍ഡ് നേരം വെടി മുഴക്കി.
യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ആയിരക്കണക്കിന് വരുന്ന കുടുംബാംഗങ്ങളെ ചാള്‍സ് രാജകുമാരനും ഹാരി രാജകുമാരനും അഭിസംബോധന ചെയ്തു.
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളിലെ വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും സംഘടിപ്പിച്ചിരുന്നു. സമാധാനത്തിനും രഞ്ജിപ്പിനും വേണ്ടി കൂട്ടായി പരിശ്രമിക്കാന്‍ ആഹ്വാനം ചെയ്ത ലണ്ടന്‍ ബിഷപ് ഡോ. റിച്ചാര്‍ഡ് ചാര്‍ട്ടേഴ്‌സ് വിദ്വേഷവും വിഭാഗീയതയും പോഷിപ്പിക്കുന്നവരെ നിരാകരിക്കാനും തന്റെ പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല