വിചാരിക്കുന്നതിനേക്കാള്‍ വേഗം ശരീരം വളരുകയും വികാരം വിവേകത്തെ കയ്യടക്കുകയും ചെയ്യുന്ന കാലമാണ് കൌമാരം, ടെക്നോളജിയുടെ വികാസവും കൂട്ടുകാരുടെ സ്വാധീനവും മൂലം ലൈംഗികപരീക്ഷണത്തിന് മുതിരുന്ന കുട്ടികളുടെ എണ്ണം കൂടുന്നതിനൊപ്പം ബ്രിട്ടനില്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴി വിവിധ ലൈംഗികരോഗങ്ങള്‍ക്ക് ഇരയാകുന്ന കൌമാരക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ പതിനാറു വയസ്സിനു താഴെയുള്ള ഏതാണ്ട് ആയിരത്തോളം കുട്ടികള്‍ യുകെയില്‍ ചികിത്സ നേടിയെന്നാണ് പുറത്തു വന്ന ഒരു സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. ഇതില്‍ തന്നെ ഏറെ ഞെട്ടിക്കുന്ന വിവരം ചികിത്സ തേടിയവരുടെ കൂട്ടത്തില്‍ പതിനൊന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടിയും ഉണ്ടെന്നുള്ളതാണ്.
ലൈംഗികബന്ധം വഴി പകരുന്ന രോഗങ്ങള്‍ ബാധിച്ച കുട്ടികളില്‍ ഏറ്റവും പ്രായം കുറഞ്ഞ ഈ പതിനോന്നുകാരന് ക്ലാമീഡിയ എന്ന ലൈംഗികരോഗമാണ്. ഇതോടൊപ്പം തന്നെ 12 വയസ്സുകാരായ രണ്ടു ആണ്‍കുട്ടികള്‍ക്കും ഇതേ രോഗം ബാധിച്ചിട്ടുള്ളതായ് സര്‍വ്വേയില്‍ പറയുന്നു, മിഡ് എസ്സെക്സ് ഫൌന്ടെശന്‍ ട്രസ്റ്റ് പുറത്തുവിട്ട വിവരങ്ങളില്‍ 2009 -2010 കാലയളവില്‍ 12 വയസ്സുകാരിയായ ഒരു പെണ്‍കുട്ടി അവിടെ ലൈംഗികബന്ധം വഴി പകര്‍ന്ന ഹെര്‍പെസ് അണുബാധയ്ക്ക് ചികിത്സ തേടിയതായ് പറയുന്നു. അതേസമയം പല ട്രസ്റ്റുകളും ഈ വിവരങ്ങള്‍ കൈമാറാത്തതിനാല്‍ സര്‍വ്വേ ഫലം അപൂര്‍ണമാണ്, അതുകൊണ്ട് തന്നെ ലൈംഗികരോഗബാധിതരായ കുട്ടികളുടെ എണ്ണം ഇതിലും കൂടുതലാകാനാണ് സാധ്യത.
2008 നു ശേഷം പതിമൂന്നു വയസ്സ് പ്രായമുള്ള 44 പെണ്‍കുട്ടികളും 2 ആണ്‍കുട്ടികളും ലൈംഗികബന്ധം വഴി പകര്‍ന്ന രോഗങ്ങള്‍ക്ക് ചികിത്സ തേടിയതായ് റിപ്പോര്‍ട്ടില്‍ പറയുന്നു. പതിന്നാല് വയസ്സുള്ളവരില്‍ 200 പേര്‍ ചികിത്സ തേടിയപ്പോള്‍ 602 പതിനഞ്ച് വയസ്സുള്ള കൌമാരക്കാരാണ് ആശുപത്രികളില്‍ ചികിത്സയ്ക്ക് വിധേയരായത്. സാധരണയായ് കണ്ടു വരുന്ന സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴി പകരുന്ന രോഗമായ ക്ലാമിഡിയ ബാധിച്ച ആണ്‍കുട്ടികളെക്കാള്‍ മൂന്നിരട്ടിയാണ് പെണ്‍കുട്ടികളെ ഈ രോഗം ബാധിച്ചത്. സര്‍വ്വേ നടത്തിയ കോ-ഓപ്പെറെറ്റീവ് ഫാര്‍മസി പറയുന്നത് മദ്യവും കോണ്ടങ്ങളുടെ ലഭ്യതക്കുറവുമാണ് പ്രധാനമായും സുരക്ഷിതമായ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ആളുകളെ അകറ്റുന്നതെന്നാണ്. പലരും ഇത്തരം ലൈംഗികരോഗങ്ങള്‍ ബാധിച്ചാല്‍ പുറത്തു പറയാന്‍ മടിക്കുന്നത് കൊണ്ട് തന്നെ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴി രോഗം ബാധിച്ച കുട്ടികളുടെ എണ്ണം ഇതിലും കൂടുതലാണ് എന്നത് വ്യക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല