ലണ്ടന്‍ : 541 അംഗ ഒളിമ്പിക്‌സ് സംഘത്തില്‍ 114 പേരും മെഡല്‍ ജേതാക്കള്‍, ഒരു നൂറ്റാണ്ടിനിടയ്ക്ക് ബ്രിട്ടന്റെ കായികചരിത്രത്തില്‍ അവര്‍ പുതിയ അദ്ധ്യായങ്ങള്‍ എഴുതി ചേര്‍ത്തു. അറുപത്ത് അഞ്ച് ഇനങ്ങളിലാണ് ബ്രിട്ടന്‍ മെഡലുകള്‍ നേടിയത്. 29 സ്വര്‍ണ്ണവും 17 വെളളിയും 19 വെങ്കലുവുമായി അവര്‍ മെഡല്‍പ്പട്ടികയില്‍ മൂന്നാമതെത്തുകയും ചെയ്തു. ഒരു നൂറ്റാണ്ടിനിടയ്ക്ക് ഇത്ര മികച്ച പ്രകടനം ടീം ജിബി കാഴ്ചവഴ്ക്കുന്നത് ഇത് ആദ്യം.
അവസാന ദിവസമായ ഇന്നലെ മാത്രം മൂന്ന് മെഡലുകളാണ് ബ്രിട്ടന്‍ സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തത്. ബോ്കസിങ്ങ് സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ ആന്റണി ജോഷ്വാ സ്വര്‍ണ്ണം നേടിയപ്പോള്‍ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തില്‍ ഫ്രെഡ് ഇവാന്‍സ് വെളളി നേടി. മോഡേണ്‍ പെന്റാത്തലണില്‍ സാമന്താ മുറേയും വെളളി നേടിയതോടെ ബ്രിട്ടന്റെ മെഡല്‍ വേട്ടയ്ക്ക് അവസാനമായി. ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം നേടിയ രാജ്യങ്ങളുടെ പട്ടികയിലും മൂന്നാമതാണ് ബ്രിട്ടന്റെ സ്ഥാനം. ഒന്നാം സ്ഥാനം അമേരിക്കയ്ക്കും രണ്ടാം സ്ഥാനം ചൈനയ്ക്കുമാണ്. 1908 ന്‌ശേഷം ആദ്യമായാണ് ബ്രിട്ടന്‍ ഇത്രയധികം സ്വര്‍ണ്ണം ഒളിമ്പിക്‌സില്‍ നേടുന്നത്.
ഏറ്റവും മികച്ച ഒളിമ്പിക്‌സിലെ ഏറ്റവും മികച്ച ടീമിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ലണ്ടന്‍ ഒളിമ്പിക്‌സില്‍ ബ്രട്ടീഷ് ടീം നടത്തിയതെന്ന് ബ്രട്ടീഷ് ഒളിമ്പിക് അസോസിയേഷന്‍ ബോസ് ആന്‍ഡി ഹണ്ട് പറഞ്ഞു. മെഡല് നേടിയ ബ്രട്ടീഷ് താരങ്ങളേയും കോമണ്‍വെല്‍ത്ത് അത്‌ലറ്റുകളേയും കഴിഞ്ഞദിവസം രാജ്ഞി അഭിനന്ദിച്ചു. ജനങ്ങളുടെ വികാരത്തെ ഉള്‍ക്കൊണ്ടുകൊണ്ട് അവര്‍ നേട്ടങ്ങള്‍ കൊയ്‌തെന്ന് രാജ്ഞി അഭിനന്ദന സന്ദേശത്തില്‍ വ്യക്തമാക്കി. ബ്രട്ടീഷ് ഒളിമ്പിക് ടീമിനു വേണ്ടി ഒക്ടോബറില്‍ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജാവും ഒരു വിരുന്ന് ഒരുക്കുന്നുണ്ട്. അവസാന നിമിഷത്തെ മൂന്ന് മെഡുലുകളോടെ ഒളിമ്പിക്‌സിന് അത്ഭുതകരമായ ഒരു പര്യവസാനമാണ് ടീം ജിബി സമ്മാനിച്ചിരിക്കുന്നതെന്ന് ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
നേട്ടങ്ങള്‍ കൊയ്ത താരങ്ങളുടെ ഒളിമ്പിക് ഓര്‍മ്മകളുമായി നിരവധി പുസ്തകങ്ങളാണ് പുറത്തിറങ്ങാന്‍ പോകുന്നത്. ഇരട്ട സ്വര്‍ണ്ണം നേടിയ മോ ഫര്‍ഹ, ആഡം ജെമിലി, ബ്രാഡ്‌ലി വിഗ്ഗിന്‍സ്, വിക്ടോറിയ പെന്‍ഡല്‍ടണ്‍ തുടങ്ങിയ ഒളിമ്പിക് ഹീറോകളുമായി പ്രശസ്തരായ പ്രസാധകര്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. ഒളിമ്പിക്‌സ് തുടങ്ങിയതിന് ശേഷം പുസ്തകങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും വലിയ വില്‍പ്പനയാണ് ലഭിച്ചതെന്ന് സെയ്ന്‍സ്‌ബെറിയുടെ പുസ്തകവിഭാഗം തലവന്‍ ഫില്‍ കരോള്‍ വ്യക്തമാക്കി. ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഓക്ഷന്‍ സൈറ്റുകള്‍ വഴി ലേലം ചെയ്യുന്ന സാധനങ്ങള്‍ക്ക് വന്‍ ഡിമാന്റാണ്. പുരുഷവിഭാഗം ബാസ്‌ക്കറ്റ് ബോള്‍ ഫൈനലില്‍ ഉപയോഗിച്ച ബാസ്‌കറ്റ് ബോളിന് 3000 പൗണ്ട് വരെ ലേലത്തുക വിളിച്ചിട്ടുണ്ട്. പുരുഷവിഭാഗം 4X400 റിലേയിലെ ഫൈനലിന്റെ ഔദ്യോഗിക റിസല്‍ട്ട് ഷീറ്റിന് 4,500 പൗണ്ട് വരെ നല്‍കാന്‍ ആളുകള്‍ തയ്യാറാണ്. ഇതില്‍ കൂടുതല്‍ തുക കിട്ടുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഡാനി ബോയലിന്റെ ഓപ്പണിങ്ങ് സെറിമണിയില്‍ ഉപയോഗിച്ച സാധനങ്ങള്‍ നഴ്‌സുമാരുടെ കലാപരിപാടിയില്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, മേക്കപ്പ് സാധനങ്ങള്‍ തുടങ്ങിയവയും ലേലത്തിനായി എത്തിയിട്ടുണ്ട്. എന്നാല്‍ ഇ ബേയിലെ വ്യാപാരികള്‍ ഇതില്‍ നിന്നൊക്കെ കുറച്ചുകൂടി മുന്നോട്ട് പോയി. കുപ്പിയിലാക്കി ഒളിമ്പിക് വായുവും സ്റ്റേഡിയത്തിലെ കസേരകള്‍ തുടയ്്ക്കാനുപയോഗിച്ച ടിഷ്യുവുമാണ് ചില ഇ ബേ വ്യാപാരികള്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല