ലണ്ടന്‍: ഒരു തട്ടിപ്പുകാരന്‍ 128 വ്യാജ ഐഡന്റിറ്റികള്‍ ഉപയോഗിച്ച് 636,000പൗണ്ട് മോഷ്ടിച്ചതായി കോടതി വിചാരണയ്ക്കിടെ വ്യക്തമായി. നിരവധി തട്ടിപ്പുകളില്‍ നിന്നാണ് ഇത്രയും പണം ഇയാള്‍ സമ്പാദിച്ചത്. 30കാരനായ ഡേവിഡ് പീറ്റേഴ്‌സാണ് ഈ തട്ടിപ്പുവീരന്‍. നൈജീരിയന്‍ സ്വദേശിയാണിയാള്‍.
ഇയാള്‍ ബാങ്കിനെയും പണം കടംകൊടുക്കുന്നവരെയും, സര്‍ക്കാര്‍ ഏജന്‍സികളെയും കബളിപ്പിച്ചാണ് ഈ പണം വാരിക്കൂട്ടിയത്. ഇത്രയും വ്യാജ തിരച്ചറിയല്‍ രേഖകള്‍ ഒരാള്‍ ഉണ്ടാക്കുന്നത് ഇതാദ്യമായിട്ടായിരിക്കുമെന്നാണ് പോലീസ് ഓഫീസര്‍മാര്‍ പറയുന്നത്. 74 വ്യാജ ലൈസന്‍സുകളും ഇയാള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ലണ്ടനിലെ മൂന്ന് കൗണ്‍സലുകളില്‍ നിന്നായി ഇയാള്‍ ബെനഫിറ്റ് ഇനത്തില്‍ 168,575പൗണ്ട് തട്ടിയെടുത്തിട്ടുണ്ട്. ഒരേ വിലാസത്തില്‍ വാടകക്കാരനായും ലാന്‍ഡ്‌ലോഡായും അപേക്ഷകള്‍ നല്‍കിയാണ് ഇയാള്‍ പണംതട്ടിയതെന്ന് വ്യക്തമായിട്ടുണ്ട്. നോര്‍ത്ത് ലണ്ടനിലെ എഡ്ജ് വെയറിലെ വീട് പണയപ്പെടുത്തി ഇയാള്‍ 250,000 പൗണ്ടും, എസ്സസ്‌കിലെ ഒരു ഫ്‌ളാറ്റ് പണയപ്പെടുത്തി 157,495പൗണ്ടും വാങ്ങിയിട്ടുണ്ട്. വിവിധതരം തട്ടിപ്പുകള്‍ നടത്തി ലോയ്ഡ്‌സ് ടി.എസ്.ബിയില്‍ നിന്നും 60,000പൗണ്ടിലധികവും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്.
ഓലുസേയി ജെറമിയ അഡിബയോ എന്ന പേരും ഇയാള്‍ കോടതി രേഖകളില്‍ നല്‍കിയിട്ടുണ്ട്. തട്ടിപ്പും വ്യാജതിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിച്ചതുമുള്‍പ്പെടെ ഇയാള്‍ക്കെതിരെ ചുമത്തിയ 29കുറ്റങ്ങള്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. നാളെയാണ് കേസിന്റെ വിധി.
തിരിച്ചറിയല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഏറ്റവും വലിയ കേസാണിതെന്ന് ഡിക്ടറ്റീവ് ഇന്‍സ്‌പെക്ടര്‍ റിച്ചാര്‍ഡ് ഫിഷര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല