യു ഡി എഫ് മന്ത്രിസഭയിലെ 13 മന്ത്രിമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ വൈകിട്ട് നാല് മണിക്ക് നടന്ന രണ്ടാംഘട്ട സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആര് എസ് ഗവായ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുസ്ലീം ലീഗില്‍ നിന്നുള്ള പി കെ അബ്ദുറബ്ബ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, ആര്യാടന് മുഹമ്മദ്, കെ ബാബു, സി എസ് ബാലകൃഷ്ണന്, വി കെ ഇബ്രാഹിം കുഞ്ഞ്, പി കെ ജയലക്ഷ്മി, കെ സി ജോസഫ്, പി ജെ ജോസഫ്, എം കെ മുനീര്‍, വി എസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.
തിരൂരങ്ങാടി മണ്ഡലത്തില്‍ നിന്ന് വിജയിച്ച പി കെ അബ്ദുറബ്ബ് ആദ്യമായാണ് മന്ത്രിസ്ഥാനത്തെത്തുന്നത്. വിദ്യാഭ്യാസ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുക. കോന്നിയില്‍ നിന്ന് വിജയിച്ച അടൂര്‍ പ്രകാശിനാകട്ടെ മന്ത്രിസഭയിലേക്ക് ഇത് മൂന്നാം ഊഴമാണ്. വണ്ടൂര്‍ മണ്ഡലത്തില്‍ നിന്നാണ് എ പി അനില്‍കുമാര്‍ വിജയിച്ചത്. രണ്ടാം തവണയാണ് അദ്ദേഹം മന്ത്രിയാകുന്നത്. മുതിര്‍ന്ന നിയമസഭാംഗമായ ആര്യാടന് മുഹമ്മദ് നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ മന്ത്രിയാകുന്നത്. മുമ്പ് ദൃഢപ്രതിജ്ഞ ചെയ്തിട്ടുള്ള അദ്ദേഹം ഇത്തവണ ദൈവനാമത്തിലാണ്്രതിജ്ഞാവാചകം ചൊല്ലിയത്. തൃപ്പൂണിത്തുറയില്‍ നിന്ന് വിജയിച്ച കെ ബാബു അഞ്ച് തവണ എം എല്‍ എ ആയിട്ടുണ്ട്. അദ്ദേഹം ഒരു ഫുട്ബോള്‍ താരം കൂടിയാണ്. സി എന്‍ ബാലാകൃഷ്ണനാകട്ടെ ഇതാദ്യമായാണ് നിയമസഭയില്‍ എത്തുന്നതും മന്ത്രിയാവുന്നതും.
കളമശേരിയില്‍ നിന്ന് വിജയിച്ച വി കെ ഇബ്രാഹിം കുഞ്ഞ് രണ്ടാം തവണയാണ് മന്ത്രിസഭയില്‍ എത്തുന്നത്. പൊതുമരാമത്ത് വകുപ്പാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. കോട്ടയം സ്വദേശിയായ കെ സി ജോസഫ് ഇരിക്കൂര്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. കോളജില്‍ ഉമ്മന്‍ചാണ്ടിയുടെ സഹപാഠിയായിരുന്നു അദ്ദേഹം. ഏഴ് തവണ നിയമസഭയില്‍ എത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം മന്ത്രിയാകുന്നത് ആദ്യമായാണ്.
മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധിയാണ് പി കെ ജയലക്ഷ്മി. മാനന്തവാടി മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഇരുപത്തിയൊമ്പതുകാരിയായ ജയലക്ഷ്മി രാഹുല്‍ ഗാന്ധിയുടെ നോമിനിയാണ്. ഒരു പട്ടികവര്‍ഗ വനിത ആദ്യമായാണ് സംസ്ഥാന മന്ത്രിസഭയില്‍ എത്തുന്നത്. അമ്പെയ്ത്തുകാരി കൂടിയാണ് ജയലക്ഷ്മി.
തൊടുപുഴയില്‍ നിന്നാണ് പി ജെ ജോസഫ് നിയമസഭയില്‍ എത്തുന്നത്. എല്‍ ഡി എഫില്‍ നിന്ന് യു ഡി എഫില്‍ ചേക്കേറിയ അദ്ദേഹം കേരളാകോണ്‍ഗ്രസ് (എം) ലൂടെയാണ് വീണ്ടും മന്ത്രിയാകുന്നത്. മുസ്ലീം ലീഗ് പ്രതിനിധിയായ എം കെ മുനീര്‍ കോഴിക്കോട് സൌത്ത് മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. ഇത്തവണ അദ്ദേഹം സാമൂഹ്യക്ഷേമം, പഞ്ചായത്ത് എന്നിവയുടെ ചുമതല വഹിക്കും.
തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുന്ന വി എസ് ശിവകുമാര്‍ ഒരു തവണ എം പി ആയിട്ടുണ്ട്. സംസ്ഥാനമന്ത്രിസഭയില്‍ ഇതാദ്യമായാണ്. കോട്ടയത്ത് നിന്ന് വിജയിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയിലും അംഗമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല