സ്വന്തം ലേഖകന്‍: 13,000 കിലോ മീറ്റര്‍ വിമാന ചക്രത്തില്‍ ഒളിച്ചിരുന്നു പറന്ന വിരുതന്‍ പിടിയില്‍. ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗില്‍ നിന്നും ലണ്ടനിലേക്കാണ് യുവാവ് ഈ അന്തംവിട്ട യാത്ര നടത്തിയത്. യുവാവിന്റെ ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ ലണ്ടനിലെത്തും മുമ്പ് നിലത്ത് വീണ് മരിച്ചു. ജീവനോടെ ലണ്ടനിലെത്തിയ യുവാവിനെ അബോധാവസ്ഥയില്‍ വിമാനത്താവള ജോലിക്കാര്‍ കണ്ടെത്തുകയായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബര്‍ഗില്‍ നിന്ന് ലണ്ടനിലെ ഹീത്രൂവിലേക്കുള്ള ബ്രീട്ടിഷ് വിമാനത്തില്‍ അനധികൃതമായി കയറിപറ്റിയതായിരുന്നു ഇരുവരുമെന്ന് കരുതുന്നു. 13,000 കിലോമീറ്റര്‍ കൊടിയ തണുപ്പില്‍ യാത്ര ചെയ്താണ് ഇരുവരും ഹീത്രു വരെയെത്തിയത്. 11 മണിക്കൂറാണ് പ്രതികൂല കാലാവസ്ഥയില്‍ അതി സാഹസികമായി ജീവന്‍ പണയം വെച്ചുകൊണ്ട് യാതൊരു സുരക്ഷയുമില്ലാതെ ആകാശത്ത് കഴിച്ചുകൂട്ടിയത്.
ജോഹന്നാസ്ബര്‍ഗ് ലണ്ടന്‍ വ്യോമ പാതയില്‍ ഹീത്രു വിമാനത്താവളത്തിനടുത്തുള്ള ഒരു കടയ്ക്കു മുകളിലാണ് സഹയാത്രികനായ കറുത്തവര്‍ഗ്ഗക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. കൃത്യം 12,875 കിലോമീറ്റര്‍ ദൂരമാണ് 24കാരനായ യുവാവ് അതിസാഹസികമായി താണ്ടിയത്. പൂജ്യത്തിനു താഴെ 60 ഡിഗ്രി താപനിലയിലാണ് ഇവര്‍ മണിക്കൂറുകളോളം ജീവന്‍ നഷ്ടപ്പെടാതെ പിടിച്ചു നിന്നത്.
ലാന്‍ഡിങ് ഗിയറില്‍ അള്ളിപ്പിടിച്ചിരുന്ന് യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന അസഹ്യമായ തണുപ്പും അന്തരീക്ഷത്തില്‍ ഉയരത്തിലെത്തുമ്പോള്‍ സംഭവിക്കുന്ന ഓക്‌സിജന്റെ അഭാവവുമാണ് പലപ്പോഴും മരണകാരണമാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല