1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2025

സ്വന്തം ലേഖകൻ: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ കൊലപാതകം ചുമത്തപ്പെട്ട പത്ത് പ്രതികൾക്ക് ഇരട്ടജീവപര്യന്തം. ഒന്നു മുതൽ‌ എട്ട് വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുന്നത്. ഇതു കൂടാതെ കേസിൽ പ്രതികളായ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ അടക്കം നാല് സി.പി.എം നേതാക്കൾക്ക് അഞ്ച് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നു മുതൽ എട്ടുവരെ പ്രതികളായ എ.പീതാംബരൻ, സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ (അബു), ഗിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി. രഞ്ജിത്ത്(അപ്പു), 15–ാം പ്രതി എ.സുരേന്ദ്രൻ എന്നിവർക്കെതിരെയാണ് ജീവപര്യന്തം വിധിച്ചത്. ഇവർക്ക് രണ്ട് കുറ്റകൃത്യങ്ങളിലായി രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.

മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാലു പ്രതികളെ അഞ്ചുവർഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. 4-ാം പ്രതി കെ. മണികണ്ഠൻ, 20–ാം പ്രതി മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി, 22–ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരെയാണ് അഞ്ച് വർഷം കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നത്. ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് കേരളം ഏറെ ഉറ്റുനോക്കിയ ഇരട്ടക്കൊലക്കേസ് വിധിവരുന്നത്.

കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളത്തെ സി.ബി.ഐ. പ്രത്യേകകോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഉദുമ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുണ്ട്. കുഞ്ഞിരാമന്‍ 20-ാം പ്രതിയാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ടു വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായും കോടതി കണ്ടെത്തിരുന്നു. അതേസമയം, കേസിലെ 9,11,12,13,16,17,18,19,23,24 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു.

ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയത്. പത്താം പ്രതി ടി. രഞ്ജിത്ത് പതിനഞ്ചാം പ്രതി എ. സുരേന്ദ്രന്‍ എന്നിവര്‍ ഈ കുറ്റങ്ങള്‍ക്കു പുറമെ തെളിവു നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തിയിരുന്നു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാലു പ്രതികള്‍ക്കെതിരേ പൊലീസ് കസ്റ്റഡിയില്‍നിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്.

സി.പി.എം. നേതാക്കളുൾപ്പെടെ കേസിൽ 24 പ്രതികളാണുണ്ടായിരുന്നത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐയുമാണ് കേസ് അന്വേഷിച്ചത്. ഹൊസ്ദുർഗ് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചുവെങ്കിലും തുടർനടപടി തുടങ്ങുംമുൻപേ ഹൈക്കോടതി കേസ് സി.ബി.ഐ.ക്ക് വിടുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ചവേളയിൽ കീഴ്‌ക്കോടതിയുടെ വിമർശനങ്ങളും ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഏറ്റുവാങ്ങിയിരുന്നു. രണ്ടുവർഷത്തോളം നടന്ന വിചാരണയാണ് സി.ബി.ഐ. കോടതിയിൽ നടന്നത്.

കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്ത്‌ലാലിനെയും 2019 ഫെബ്രുവരി 17-നാണ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്ക് തടഞ്ഞുനിര്‍ത്തിയ അക്രമിസംഘം കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൃപേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ശരത്ത് ലാല്‍ മരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.