സ്വന്തം ലേഖകൻ: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കോടതിവിധി. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷം എറണാകുളം സിബിഐ കോടതിയാണ് വിധി പറഞ്ഞത്.
സിപിഎമ്മിന്റെ ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനും പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാരെന്നാണ് കൊച്ചി സിബിഐ കോടതി കണ്ടെത്തിയിരിക്കുന്നത്. ഒന്നു മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്തിരുന്ന പത്ത് പേരെയാണ് വെറുതെ വിട്ടത്.
വിധി കേട്ട് ഏഴാം പ്രതി അശ്വിനും പതിനഞ്ചാം പ്രതി വിഷ്ണു സുര എന്ന് വിളിക്കുന്ന എ.സുരേന്ദ്രനും കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. 18-ാം വയസില്‍ കുറ്റകൃത്യത്തിന്‌റെ ഭാഗമായി ജയിലില്‍ പോയെന്നും ആറ് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും അശ്വിന്‍ പറഞ്ഞു. കുടുംബാംഗങ്ങളെ കാണാന്‍ കഴിഞ്ഞിട്ടില്ല. പട്ടാളക്കാരന്‍ ആകാന്‍ ആഗ്രഹിച്ച ആളാണ് താനെന്നും കോടതി മുമ്പാകെ അശ്വിന്‍ പറഞ്ഞു.
താന്‍ ഈ കുറ്റകൃത്യത്തില്‍ പങ്കാളി ആയിട്ടില്ലെന്നും സഹിക്കാവുന്നതിനപ്പുറമായെന്നും തന്നെ വധശിക്ഷയ്ക്ക് വിധിക്കണമെന്നും വിഷ്ണു സുര കോടതിയോട് ആവശ്യപ്പെട്ടു. ഇനി ശിക്ഷാവിധി അറിയാനുള്ള കാത്തിരിപ്പാണ്. ജനുവരി മൂന്നിനാണ് ശിക്ഷാവിധി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല