സ്വന്തം ലേഖകന്‍: നാലു മാധ്യമ പ്രവര്‍ത്തകരടക്കം 15 മലയാളികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി. ദേശീയ അന്വേഷണ ഏജന്‍സി ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ടിങ് ഏജന്റായ മഹാരാഷ്ട്രയില്‍ നിന്നുള്ള നാജിര്‍ ബിന്‍ യാഫിയില്‍ നിന്ന് കണ്ടെടുത്ത ഹിറ്റ്‌ലിസ്റ്റിലാണ് 15 മലയാളികളുടെ പേരുള്ളതായി റിപ്പോര്‍ട്ടുകളുള്ളത്. കേരളത്തില്‍ നിന്നുള്ള നാല് മാധ്യമപ്രവര്‍ത്തകരും 11 ഐടി പ്രൊഫഷണലുകളുമാണ് 152 പേരുടെ പട്ടികയിലുള്ളത്.
നാജിര്‍ ബിന്‍ യാഫിയുടെ ലാപ്‌ടോപ്പിലെ രേഖകളില്‍ നിന്നാണ് ഇത്രയും പേരെ ഇസ്ലാമിക് സ്റ്റേറ്റ് വധിക്കാന്‍ ഉദ്ദേശിച്ചിരുന്നതായി വിവരം ലഭിച്ചത്. ഇവരുടെ വിലാസങ്ങളും ഫോണ്‍ നമ്പറും സഹിതമാണ് രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇത് ഉന്നത ഐസ് നേതൃത്വത്തിന് കൈമാറിയതായാണ് ദേശീയ അന്വേഷണ ഏജന്‍സിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഇസ്ലാമിനെതിരെ പ്രചാരണം നടത്തുന്നുവെന്നതാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കുറ്റം. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പ്രചാരണം നടത്തുകയും, ഐഎസ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നവരാണ് ശേഷിച്ചവര്‍. സൈന്യത്തിനും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് കൂടുതല്‍ പേരും.
മഹാരാഷ്ട്രയില്‍നിന്ന് 70 പേര്‍ പട്ടികയിലുണ്ട്. കര്‍ണാടകയില്‍നിന്ന് 30ഉം ഡല്‍ഹിയില്‍നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും 15 വീതവും ഏഴുപേര്‍ പശ്ചിമ ബംഗാളില്‍നിന്നുമുള്ളവരാണ്. ലോകത്താകമാനം വധിക്കപ്പെടേണ്ടവരുടെ 8318 പേരുടെ പട്ടിക 2016 ജൂണില്‍ ഐ.എസ്. തയ്യാറാക്കിയിരുന്നു. ഫോണ്‍നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളുമുണ്ട്. എന്നാല്‍ ഇത്രയധികം ഇന്ത്യക്കാരും മലയാളികളും ഐ.എസ്. പട്ടികയില്‍ ഇടംപിടിക്കുന്നത് ആദ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല