സ്വന്തം ലേഖകന്‍: അനുസരണക്കേടിന് ശിക്ഷയായി 150 കിലോ ഭാരമുള്ള സ്ത്രീ ഒന്‍പതു വയസുകാരിയുടെ മുകളില്‍ കയറിയിരുന്നു, കുട്ടി മരിച്ചതോടെ സ്ത്രീ അഴികള്‍ക്കുള്ളിലും. കുട്ടിയെ കസേരയില്‍ കയറ്റിയിരുത്തി യുവതി ഇതിനു മുകളില്‍ ഇരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 64 കാരിയായ വെറോനിക്ക ഗ്രീന്‍ പോസെയെ ഫ്‌ലോറിഡ പൊലീസ് അറസ്റ്റ് ചെയ്തു.
ഡെറികാ ലിന്‍സെ എന്ന പെണ്‍കുട്ടിയാണ് ബന്ധുവായ സ്ത്രീയുടെ ശിക്ഷയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. ഡെറിക്കയുടെ വികൃതി സഹിക്കാന്‍ വയ്യാതായപ്പോള്‍ അവളെ ശിക്ഷിക്കുന്നതിനായാണ് താന്‍ കുട്ടിയുടെ മുകളില്‍ കയറിയിരുന്നതെന്ന് വെറോനിക്ക പോലീസിനോട് പറഞ്ഞു. എന്നാല്‍ കുറച്ച് കഴിഞ്ഞ് കുഞ്ഞിന്റെ മുകളില്‍ നിന്നും എഴുന്നേറ്റുവെങ്കിലും അപ്പോഴേക്കും കുട്ടിയുടെ ശ്വാസം നിലച്ചിരുന്നു.
മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിലാണ് കുട്ടിയ്ക്ക് നേര്‍ക്ക് അതിക്രമം നടന്നും കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടതും. കുട്ടിയെ സിപിആര്‍ നല്‍കാനായി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കുട്ടികളുടെ മാതാപിതാക്കളായ ഗ്രേസ് സ്മിത്ത്, ജെയിംസ് സ്മിത്ത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ മര്യാദ പഠിപ്പിക്കാനായി കുട്ടിയുടെ മാതാവ് ഗ്രേസാണ് തന്റെ അമ്മായിയായ വെറോനിക്കയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.
മുകളില്‍ കയറിയിരിക്കുന്നതിന് മുന്‍പായി കുട്ടിയെ ലോഹ പൈപ്പ് ഉപയോഗിച്ച് മര്‍ദ്ദിച്ചിരുന്നതായി കുട്ടിയുടെ മാതാവ് പൊലീസിന് മൊഴി നല്‍കി. വെറോനിക്ക കുട്ടിയുടെ മുകളില്‍ പത്ത് മിനുട്ടോളം കയറിയിരുന്നു. കുട്ടിക്ക് ശ്വാസം മുട്ടും എന്ന് തങ്ങള്‍ പറഞ്ഞപ്പോള്‍ ഒരു രണ്ട് മിനുട്ടു കൂടി കുട്ടിയുടെ മുകളില്‍ ഇരുന്നാണ് വെറോനിക്ക എഴുന്നേറ്റതെന്ന് കുട്ടിയുടെ പിതാവും മൊഴി നല്‍കി.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഫ്‌ലോറിഡയിലെ ശിശു സംരക്ഷണ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിക്കെതിരെയുള്ള അതിക്രമം റിപ്പോര്‍ട്ട് ചെയ്യാത്തതിനാണ് മാതാപിതാക്കള്‍ക്കെതിരെ കേസ് എടുത്തത്. അറസ്റ്റ് ചെയ്ത വെറോനിക്കയെ 12,5000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല