എന്‍എച്ച്എസിലെ ശിശുരോഗ വിഭാഗത്തിന്റെ പിടിപ്പുകേട് കാരണം വര്‍ഷം തോറും ആയിരത്തി അഞ്ഞൂറിലധികം കുട്ടികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിലെ പുതിയ പ്രസിഡന്റ് ഡോ. ഹിലാരി കാസ് ആണ് എന്‍എച്ച്എസിന്റെ അനാസ്ഥകാരണം മരിക്കുന്ന കുട്ടികളുടെ കണക്ക് പുറത്തുവിട്ടത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ പോലെ കുട്ടികളുടെ ആരോഗ്യത്തില്‍ എന്‍എച്ച്എസ് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലന്ന് ആരോപണമുണ്ട്. അതിനാല്‍ തന്നെ ഫ്രാന്‍സ്, ഇറ്റലി, സ്വീഡന്‍, ജര്‍മ്മിനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ ശിശുമരണ നിരക്ക് ബ്രിട്ടനില്‍ കൂടുതലാണ്.
ശിശുരോഗ വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സ്വീഡനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്രിട്ടനില്‍ വര്‍ഷം തോറും ആയിരത്തി അഞ്ഞൂറിലധികം കുട്ടികള്‍ മരിക്കുന്നുണ്ട്. മെനിഞ്‌ജൈറ്റിസ്, ന്യൂമോണിയ, ആസ്ത്മ തുടങ്ങി കുട്ടികളില്‍ കാണുന്ന അസുഖങ്ങള്‍ എന്‍എച്ച്എസ് വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. ബ്രിട്ടനില്‍ മികച്ച നിലവാരമുളള പീഡിയാട്രിക് ഡോക്ടര്‍മാരുടെ അഭാവമാണ് പ്രശ്‌നങ്ങള്‍ ഇത്രത്തോളം ഗുരുതരമാകാന്‍ കാരണമെന്ന് ഡോ. കാസ് ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ശിശുരോഗവിഭാഗം കൂടുതല്‍ ഡോക്ടര്‍മാര്‍ തിരഞ്ഞെടുക്കുന്ന സ്‌പെഷ്യാലിറ്റിയാണ്. എന്നാല്‍ ഇത് തെരഞ്ഞെടുക്കുന്നതില്‍ കൂടുതലും സ്ത്രീകളാണന്നാതാണ് മറ്റൊരു പ്രത്യേകത. മൂപ്പത് വയസ്സിന് ശേഷം ഇവര്‍ കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി ചെയ്യുകയും ചെയ്യും. അടിയന്തിര സന്ദര്‍ഭങ്ങളില്‍ ഇവരുടെ സേവനം ലഭ്യമാകണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സേവനമാകും ആശുപത്രികള്‍ ഉറപ്പാക്കുന്നത്. ഇതും ശിശുമരണ നിരക്ക് കൂടാന്‍ കാരണമാകുന്നു.
ആശുപത്രികളിലെ ശിശുരോഗവിഭാഗം നാലിലൊന്നായി കുറയ്ക്കുകയാണ് ഇതിനുളള പോംവഴിയായി ഡോ. കാസ് നിര്‍ദ്ദേശിക്കുന്നത്. എണ്ണത്തില്‍ കുറയുന്ന ശിശുരോഗ വിഭാഗം കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തി പരിഷ്‌കരിക്കണം. ഇങ്ങനെ മിച്ചം പിടിക്കുന്ന തുകകൊണ്ട് മികച്ച ഡോക്ടര്‍മാരുടെ സേവനം എന്‍എച്ച്എസ് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും ഡോ. കാസ് നിര്‍ദ്ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല