1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2012

ഓള്‍ഡ്‌ ഇസ് ഗോള്‍ഡ്‌ എന്നാണല്ലോ, അതുകൊണ്ട് തന്നെ പഴയ വസ്തുക്കള്‍ക്ക് മൂല്യവും ഏറും. ബൈബിളിന്റെ കാര്യത്തില്‍ ആണെങ്കില്‍ ദിനംപ്രതി പുതിയ കെട്ടിലും മട്ടിലും ബൈബിളുകള്‍ ഇറങ്ങുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ തുര്‍ക്കിയില്‍ കണ്ടെത്തിയ ബൈബിള്‍ വ്യതുസ്തമാകുന്നത് അതിന്റെ പഴക്കം കൊണ്ടാണ്. 1,500 വര്‍ഷം പഴക്കമുള്ള ബൈബിളിന്റെ കയ്യെഴുത്ത് പ്രതിയാണ് തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ എത്തനോഗ്രഫി മ്യൂസിയത്തില്‍ കണ്ടെത്തിയിരികുന്നത്.

തുകല്‍ചുരുളുകളില്‍ 52 പേജുകളിലായി യേശുക്രിസ്തു സംസാരിച്ചിരുന്ന അരമായിക് ഭാഷയിലാണ് ഈ ബൈബിള്‍ എഴുതിയിട്ടുള്ളത്. യേശുവിന്റെ അന്ത്യ അത്താഴത്തിന്റെയും കുരിശുമരണത്തിന്റെയും ചിത്രവും ഈ ബൈബിളില്‍ ആലേഖനം ചെയ്തിട്ടുണ്െടന്നു ടര്‍ക്കിഷ് ദിനപത്രമായ ടുഡേസ് സാമാന്‍ റിപ്പോര്‍ട്ടു ചെയ്തു. വലിയൊരു ഗുഹയുടേയും വലിയൊരു പാറയുടേയും ചിത്രവും ഇതില്‍ ആലേഖനം ചെയ്തിട്ടുണ്ട്. യേശുവിന്റെ കല്ലറയാണിതെന്നാണു നിഗമനം.

2000ത്തില്‍ പോലീസുകാരാണ് ഒരു കള്ളക്കടത്തുസംഘത്തില്‍നിന്ന് ഈ ബൈബിള്‍ കണ്െടത്തിയതെന്നും തുടര്‍ന്ന് ഇതു രഹസ്യമായി അങ്കാറയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചുവരികയാണെന്നും ടര്‍ക്കിഷ് സാംസ്കാരിക, ടൂറിസംമന്ത്രി എര്‍തുഗ്രുല്‍ ഗുനെയ് സ്ഥിരീകരിച്ചു. ഈ ബൈബിള്‍പ്രതി കാണുവാന്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്െടന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യഥാര്‍ഥ വര്‍ഷം തിരിച്ചറിയുന്നതിനായി ബൈബിള്‍ കാര്‍ബണ്‍ഡേറ്റിംഗ് പരിശോധനയ്ക്കായി വിദേശത്തേക്ക് അയയ്ക്കാനും ഇതിനുശേഷം പൊതുജനങ്ങള്‍ക്കു കാണാന്‍ അവസരമൊരുക്കാനും പദ്ധതിയുണ്െടന്നു തുര്‍ക്കി മ്യൂസിയംസ് ആന്‍ഡ് കള്‍ച്ചറല്‍ അസറ്റ്സ് ജനറല്‍ ഡയറക്ടര്‍ സുല്‍ക്കഫ് യില്‍മാസ് പറഞ്ഞു. ബാര്‍ണബാസിന്റെ സുവിശേഷമാണിതെന്നു ചിലര്‍ പറയുന്നുണ്െടങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല. വിശദമായ പരിശോധനയ്ക്കുശേഷമേ ഇക്കാര്യം വ്യക്തമാവൂവെന്നാണു സഭാവൃത്തങ്ങള്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.