ബ്രിട്ടന്‍ ഇപ്പോഴും കുടിയേറ്റ തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട രാജ്യമായി തുടരുകയാണ്. കൂട്ടത്തില്‍ റൊമാനിയയില്‍ നിന്നും വരുന്നവരാണ് ബ്രിട്ടനില്‍ തൊഴില്‍ തേടുന്നവരില്‍ അധികമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുറഞ്ഞത് 15000 റൊമാനിയന്‍ വംശജരാണത്രെ ഓരോ മാസവും ബ്രിട്ടനില്‍ തൊഴില്‍ തേടുന്നത്. ഒരു റൊമാനിയന്‍ തൊഴില്‍ ഏജന്‍സിയില്‍ നിന്നും ലഭിച്ച കണക്കുകള്‍ പറയുന്നത് കഴിഞ്ഞ 6 മാസത്തിനിടയില്‍ ബ്രിട്ടനില്‍ ഉണ്ടായ 22000 തോഴിലവസരങ്ങള്‍ക്ക് വേണ്ടി 90,000 റൊമാനിയക്കാരാണ് അപേക്ഷ നല്‍കിയതെന്നാണ്.
ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്നത് എല്ലുമുറിയെ പണി ചെയ്‌താല്‍ പല്ല് മുറിയെ തിന്നാന്‍ പറ്റിയ സ്ഥലം ബ്രിട്ടന്‍ തന്നെയാണെന്ന് റൊമാനിയന്‍ യുവാക്കള്‍ വിശ്വസിക്കുന്നുണ്ടെന്നാണ്. അതേസമയം ബ്രിട്ടീഷുകാരുടെ അധ്വാനിച്ചു ജീവിക്കാനുള്ള മടിയും ഇത്തരം കുടിയേറ്റ തൊഴിലാളികള്‍ക്ക് അനുകൂലമാകുന്നുണ്ടെന്നു ഉറപ്പാണ്. യുറോപ്പില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റം സാമ്പത്തിക മാന്ദ്യത്തിനു ശേഷവും ബ്രിട്ടനിലേക്ക് തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്നത് ബ്രിട്ടനില്‍ ഉയര്‍ന്ന ജീവിത നിലവാരമാണ് നിലനില്‍ക്കുന്നത് എന്നതിന് സാക്ഷ്യപ്പത്രമാണ്.
2004 ല്‍ പോളിഷ് തൊഴിലന്വേഷകരുടെ അമിതമായ കടന്നു കയറ്റം മൂലം കുടിയേറ്റക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ ബ്രിട്ടന്‍ വന്‍ തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഈ വര്‍ഷം തന്നെ 1646 റൊമാനിയക്കാര്‍ക്കാണ് അവരുടെ കഴിവ് കണ്ടു ബ്രിട്ടനില്‍ പഠിക്കാനും തൊഴില്‍ ചെയ്യാനും അനുമതി ലഭിച്ചത്. റൊമാനിയന്‍ കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടന്‍ പൌരന്മാര്‍ക്ക് നല്‍കുന്ന പല ആനുകൂല്യങ്ങളും കൈപ്പറ്റാന്‍ സാധിക്കുന്നുണ്ടെന്നു വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ ഡിപ്പാര്ട്ടുമെന്റ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഉദാഹരണമായി 12 മാസം തുടര്‍ച്ചയായി തൊഴില്‍ ചെയ്യുന്ന പക്ഷം തൊഴില്‍ അലവന്‍സ് നേടാന്‍ അവര്‍ക്കാകും. ബ്രിട്ടന്‍ കഴിഞ്ഞാല്‍ ഗ്രീസും ജെര്‍മനിയുമാണ് റൊമാനിയന്‍ തൊഴില്‍ അന്വേഷകരുടെ ഇഷ്ടരാജ്യങ്ങള്‍.
ബ്രിട്ടീഷുകാരേക്കാള്‍ യോഗ്യതയും തൊഴിലിനോടുള്ള ആത്മാര്‍ഥതയും വിദേശ തൊഴിലാളികള്‍ക്ക് ഉണ്ടെന്നുള്ളതാണ് പ്രധാനമായും തൊഴില്‍ ദാതാക്കളെ കുടിയേറ്റ തൊഴിലാളികളിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ബ്രിട്ടീഷ് ജനതയില്‍ ഭൂരിപക്ഷവും തൊഴില്‍ ചെയ്യാതെ ഗവണ്‍മെന്റ് നല്‍കുന്ന ബെനെഫിറ്റുകള്‍ കൈപ്പറ്റി ജീവിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ ആണെന്നതാണ് മറ്റൊരു വസ്തുത. എന്തായാലും തൊഴില്‍ ചെയ്തു കുടിയേറ്റക്കാര്‍ക്കും തൊഴിലൊന്നും ചെയ്യാതെ ബ്രിട്ടീഷുകാര്‍ക്കും താമസിക്കാന്‍ പറ്റിയ ഇടമാണ് ബ്രിട്ടന്‍ !
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല