ഭരണ നേതൃത്വത്തില്‍ അട്ടിമറി നടന്നെന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച 16 വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം ചൈനീസ് അധികൃതര്‍ അവസാനിപ്പിച്ചു. 1065 പേരെ ചൈനീസ് സര്‍ക്കാര്‍ അറസ്റ്റുചെയ്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തില്‍ ഒരാളെ പുറത്താക്കിയതിനെത്തുടര്‍ന്ന് രാജ്യത്ത് അട്ടിമറി നടന്നെന്ന് കഴിഞ്ഞയാഴ്ചയാണ് ചില ചൈനീസ് വെബ്സൈറ്റുകള്‍ വാര്‍ത്ത നല്‍കിയത്. ഇത് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചൈനയില്‍ 30 കോടി ഉപയോക്താക്കളുള്ള മൈക്രോബ്ലോഗിങ് സൈറ്റുകള്‍ വഴി സര്‍ക്കാറിനെതിരെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് ചൈന നടപടിയെടുത്തത്. ഒരു മാസത്തിലേറെയായി രാജ്യവ്യാപകമായി നടത്തിയ തിരച്ചിലില്‍ ഇത്തരം സൈറ്റുകളില്‍ പോസ്റ്റുചെയ്ത 20.8 ലക്ഷം സന്ദേശങ്ങള്‍ അധികൃതര്‍ എടുത്തുകളഞ്ഞിട്ടുണ്ട്.
പ്രമുഖ കമ്യൂണിസ്റ്റ് നേതാവിനെ പുറത്താക്കിയശേഷം ബെയ്ജിങ്ങില്‍ സൈനിക നടപടി തുടങ്ങിയെന്നായിരുന്നു സന്ദേശം. ഈ സന്ദേശങ്ങള്‍ പോസ്റ്റുചെയ്ത ആറുപേരും പിടിയിലായി. ഇതില്‍ പങ്കാളികളായവര്‍ ശിക്ഷിക്കപ്പെടുമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയിലി വ്യക്തമാക്കിയിരുന്നു. നടപടിയെത്തുടര്‍ന്ന് weibo.com, t.qq.com എന്നീ രണ്ട് പ്രമുഖ മൈക്രോബ്ലോഗിങ് വെബ്സൈറ്റുകള്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള സംവിധാനം തത്കാലം നിര്‍ത്തിവെച്ചു.
പൊതുജനത്തിനിടയില്‍ മോശം സ്വാധീനം സൃഷ്ടിക്കുന്ന പ്രചാരണങ്ങള്‍ തടയാന്‍ കഴിഞ്ഞില്ലെന്ന കാരണത്താലാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് രാജ്യത്തെ ദേശീയ ഇന്റര്‍നെറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു. പിടിയിലായവരില്‍ ഒട്ടേറെപ്പേര്‍ പശ്ചാത്താപം പ്രകടിപ്പിച്ചതിനാല്‍ അവരെ താക്കീത് ചെയ്ത് വിട്ടയച്ചതായി പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല