ലോക്കല്‍ അതോറിറ്റികളില്‍ നിന്നും ലഭിച്ചിരുന്ന സാമ്പത്തിക സഹായം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് വന്‍ സാമ്പത്തിക പ്രതിസന്ധിയിലായ സതേണ്‍ ക്രോസ് കെയര്‍ ഹോം ഗ്രൂപ്പിന് വീണ്ടും തിരിച്ചടി.ഇന്നലെ രാത്രി കെയര്‍ ക്വാളിറ്റി കമ്മീഷന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയില്‍ ഉള്ള 18 കെയര്‍ ഹോമുകള്‍ക്ക് ഒരു സ്റ്റാര്‍ പോലും നല്‍കിയിട്ടില്ല.
ഇക്കഴിഞ്ഞ വര്‍ഷത്തെ വിവിധ കെയര്‍ ഹോമുകളുടെ പ്രകടനത്തെ ആധാരമാക്കിയാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.സതേണ്‍ ക്രോസ് ഉടമസ്ഥതയിലുള്ള 18 കെയര്‍ ഹോമുകളിലെ അവസ്ഥ തികച്ചും ശോചനീയമാണെന്ന് കമ്മീഷന്‍ വെളിപ്പെടുത്തി.മൊത്തം 224 കെയര്‍ ഹോമുകള്‍ക്കാണ് ഒരു സ്റ്റാര്‍ പോലും ലഭിക്കാത്തത്.ഇതില്‍ 47 ഹോമുകള്‍ വന്‍കിട ഉടമസ്ഥതയില്‍ ഉള്ളവയാണ്.
അതിനിടെ സതേണ്‍ ക്രോസ് ഹോമുകളുടെ ഭൂവുടമകള്‍ (Landlords) വന്‍ തുക നികുതി വെട്ടിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സൈപ്രസ്,കാനറി ഐലന്‍ഡ് തുടങ്ങി നികുതി വെട്ടിക്കാന്‍ പറ്റിയ രാജ്യങ്ങളില്‍ പേരിനു കമ്പനി രെജിസ്റ്റര്‍ ചെയ്ത് ആ കമ്പനികളാണ് ഹോമുകളുടെ ഉടമസ്ഥാവകാശം കൈയ്യാളുന്നത്.ചുരുക്കത്തില്‍ പറഞ്ഞാല്‍ വാടകയിനത്തില്‍ സതേണ്‍ ക്രോസില്‍ നിന്നും ലഭിക്കുന്ന പണത്തിന് ഇവര്‍ ബ്രിട്ടനില്‍ നികുതി നല്‍കേണ്ടതില്ല.
സതേണ്‍ ക്രോസിന്റെ ഹോമുകളില്‍ ഭൂരിപക്ഷവും മറ്റുള്ളവരുടെ ഉടമസ്ഥതയില്‍ ആണ്.അടുത്ത കാലത്തുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് തങ്ങള്‍ക്കു ലഭിക്കുന്ന വാടകയില്‍ കുറവു വരുത്താന്‍ ഭൂവുടമകള്‍ സമ്മതിച്ചിരുന്നു.ഇതിനു പുറമേ ഹോമുകളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സഹായവും ആവശ്യപ്പെടുന്നുണ്ട്.എന്നാല്‍ ഭൂവുടമകള്‍ ഇങ്ങനെയൊരു തട്ടിപ്പ് നടത്തുമ്പോള്‍ ഹോമുകളെ രക്ഷിക്കാന്‍ സാധാരണക്കാരന്‍റെ നികുതിപ്പണം നല്‍കരുതെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല