18വര്‍ഷത്തിനുശേഷം ആദ്യമായി ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കൗണ്‍സില്‍ ടാക്സില്‍ ഈവര്‍ഷം കുറവുണ്ടായതായി റിപ്പോര്‍ട്ട്. 1993 കൗണ്‍സില്‍ ടാക്സ് കൊണ്ടുവന്നതിനുശേഷം ആദ്യമായി ശരാശരി കൗണ്‍സില്‍ ടാക്സ് 35പെന്‍സ് കുറഞ്ഞതായി ദ ചാര്‍ട്ടേര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് അക്കൗണ്ടന്‍സി നടത്തിയ സര്‍വ്വേയില്‍ വ്യക്തമായി. ശരാശരി ബാന്‍ഡ് ഡി കൗണ്‍സില്‍ ടാക്സ് 1,438.87ലെത്തി. ഈ കുറവ് ബാന്‍ഡ് ഡി കുടുംബങ്ങളെ വര്‍ഷത്തില്‍ 72 പൗണ്ട് വരെ സമ്പാദിക്കാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ലോക്കല്‍ അതോറിറ്റിക്ക് 650മില്ല്യണ്‍ പൗണ്ട് അനുവദിച്ച മന്ത്രിമാരുടെ തീരുമാനത്തിന്റെ ഫലമായാണ് ഈ കുറവുണ്ടായത്. ഈ സബ്സിഡി നല്‍കിയതിന്റെ ഫലമായി കൗണ്‍സില്‍ ബജറ്റിലെ വെട്ടിച്ചുരുക്കല്‍ 9.9%ത്തില്‍ നിന്നും വെറും 5.5%മാക്കി മാറ്റി. കൗണ്‍സില്‍ ടാക്സ് മരവിക്കാനായി സര്‍ക്കാര്‍ നല്കുന്ന ധനസഹായത്തോട് പോസിറ്റീവായാണ് കൗണ്‍സിലുകള്‍ പ്രതികരിക്കുന്നതെന്ന് സിപ്ഫാസ് ചീഫ് എക്സിക്യൂട്ടീവ് സ്റ്റീവ് ഫ്രീര്‍ പറയുന്നു.
ടൗണ്‍, ഇടവക ചട്ടങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ മാത്രമേ കൗണ്‍സില്‍ ടാക്സ് ഉയരാന്‍ സാധ്യതയുള്ളൂ എന്നാണ് ഇംഗ്ലണ്ടിലെ 80% ലോക്കല്‍ അതോറിറ്റിയിലും നടത്തിയ സര്‍വ്വേയില്‍ വ്യക്തമായത്. കൗണ്‍സില്‍ ടാക്സ് കുറയുന്ന ശേഷിക്കുന്ന വലിയ വിഭാഗവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് അത്രത്തോളം ബാധിക്കില്ല. മിക്ക കൗണ്‍സിലുകളും തൊഴിലിതര പ്രവര്‍ത്തനങ്ങളായ ഹ്യൂമണ്‍ റിസോഴ്സസ്, ഐ.ടി, എന്നിവ വെട്ടിച്ചുരുക്കുമ്പോള്‍, ബാക്കിയുള്ളവ പ്രധാനസേവനങ്ങള്‍ വെട്ടിച്ചുരുക്കുന്നു. ചില കൗണ്‍സിലുകള്‍ ലൈബ്രറി, വിനോദകേന്ദ്രങ്ങള്‍, എന്നീ സേവനങ്ങളാണ് വെട്ടിച്ചുരുക്കുന്നത്.
ലേബറിന്റെ ഭരണകാലത്ത് കൗണ്‍സില്‍ ടാക്സ് ഇരട്ടിയായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ കൗണ്‍സില്‍ ടാക്സ് മരവിപ്പിക്കാന്‍ സഹായിച്ചിരിക്കുന്നു. ഇത് കഠനാധ്വാനം ചെയ്യുന്നവരേയും പെന്ഷന് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരേയും വര്‍ഷത്തില്‍ 72പൗണ്ട് സമ്പാദിക്കാന്‍ സഹായിക്കുമെന്ന് കമ്മ്യൂണിറ്റീസ് സെക്രട്ടറി എറിക് പിക്കിള്‍ പറയുന്നു. ഇപ്പോള്‍ നല്കുന്ന ധനസഹായം വരുന്ന നാല് വര്‍ഷവും തുടരുമെന്ന വാഗ്ദാനം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല