1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2011

ലണ്ടന്‍: ലോകത്താകമാനം 1,800ലധികം പേര്‍ മാരകമായ ഇ.കോളി ബാക്ടീരിയയുടെ പിടിയിലാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ജര്‍മ്മനിയില്‍ മാത്രമായി 200കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 12രാജ്യങ്ങളില്‍ ഇതിനകം തന്നെ ഇ.കോളി ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

18ആളുകള്‍ക്ക് ഇ.കോളി ബാധ കാരണം മരണം സംഭവിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 17 ഏണ്ണവും ജര്‍മ്മനിയിലാണ്.

നൂറുകണക്കിന് രോഗികള്‍ ഇ.കോളി ബാധയെത്തുടര്‍ന്ന് ആശുപത്രിയിലാണ്. ഇതില്‍ ഡയാലിസിസ് ആവശ്യമുള്ളവരുള്‍പ്പെടെ മിക്കയാളുകളും തീവ്രപരിചരണ വിഭാഗത്തിലാണ്. ഇ.കോളി ബാധിച്ചവരില്‍ മൂന്നിലൊന്നുപേരും ഹെമോലിറ്റിക് യുറാമിക് സിന്‍ഡ്രോം(എച്ച്.യു.എസ്) എന്ന രോഗത്തിന്റെ പിടിയിലാണിപ്പോള്‍. വൃക്ക, രക്തം, കേന്ദ്ര നാഡീവ്യൂഹം എന്നിവയെ ദോഷകരമായി ബാധിക്കുന്ന ഇ.കോളിയുടെ ഏറ്റവും ഗുരുതരമായ അവസ്ഥയാണിത്.

ബ്രിട്ടനിലെ മൂന്ന് രോഗികള്‍ ഉള്‍പ്പെടെ ഏഴാളുകളാണ് യു.കെയില്‍ ഇ.കോളി കാരണം ചികിത്സയിലിരിക്കുന്നത്. നാല് പേര്‍ ജര്‍മന്‍ സ്വദേശികളാണ്. ഇതില്‍ മൂന്നാളുകള്‍ക്ക് എച്ച്.യു.എസ് ബാധിച്ചിട്ടുണ്ട്. ഇവരെല്ലാം വടക്കന്‍ ജര്‍മ്മനി സന്ദര്‍ശിക്കുകയോ, അല്ലെങ്കില്‍ അവിടെ നിന്നും വന്നവരോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പച്ചക്കറികളില്‍ നിന്നും ഇലകളില്‍ നിന്നുമാകാം ഇ.കോളി പടരുന്നത് എന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. എങ്കിലും ഡബ്ല്യൂ.എച്ച്.ഒ ഇപ്പോഴും പറയുന്നത് ഇതിന്റെ ഉറവിടം ഏതെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ്.

ചെക്ക് റിപ്പബ്ലിക്, ഫ്രാന്‍സ്, യു.എസ്, ജര്‍മ്മനി, ആസ്ത്രിയ, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്റ്, യു.കെ എന്നിവിടങ്ങളില്‍ രോഗബാധിതരുള്ളതായി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.