സ്വന്തം ലേഖകന്‍: 1965 ല്‍ പാക്കിസ്ഥാനെതിരെ നേടിയ യുദ്ധ വിജയത്തിന് അരനൂറ്റാണ്ടു തികയുമ്പോള്‍ വമ്പന്‍ ആഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യ. വിജയത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപടി തുടങ്ങി. ഇതോടൊപ്പം 1966 ല്‍ താഷ്‌കെന്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ച സമാധാനക്കരാര്‍ സംബന്ധിച്ച പൊതുചര്‍ച്ചയും സംഘടിപ്പിക്കും.
യുദ്ധത്തിലൂടെ ഇന്ത്യന്‍ സേന പൊരുതി നേടിയത് കരാറിലൂടെ കളഞ്ഞു കുളിച്ചു എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. യുദ്ധം നടന്ന സെപ്റ്റംബര്‍ ഒന്നു മുതല്‍ 23 വരെ ആയിരിക്കും ആഘോഷം. ഡല്‍ഹിയില്‍ ഇന്ത്യ ഗേറ്റിനു സമീപം രാജ്പഥിലും ജന്‍പഥിലുമായി പ്രദര്‍ശനങ്ങള്‍, ടാബ്‌ളോകള്‍, ചലച്ചിത്രപ്രദര്‍ശനം, പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കും. യുദ്ധത്തില്‍ പാക്കിസ്ഥാന്റെ 1920 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഇന്ത്യ പിടിച്ചെടുത്തിരുന്നു.
പാക്കിസ്ഥാനാകട്ടെ, ഇന്ത്യയുടെ 550 ചതുരശ്ര കിലോമീറ്ററും കയ്യടക്കി. പിന്നീടു താഷ്‌കെന്റില്‍ നടന്ന ഒത്തുതീര്‍പ്പില്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്ത്യ പിടിച്ചെടുത്ത ഹാജിപീര്‍ ചുരം പാക്കിസ്ഥാനു വിട്ടുകൊടുത്തു. ഇതു തന്ത്രപരമായ അബദ്ധമായി എന്നാണ് ഇന്ത്യന്‍ കരസേനയുടെ നിലപാട്.
ഈ ചുരത്തിലൂടെയാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്കു തീവ്രവാദികളെ അയയ്ക്കുന്നത്. താഷ്‌കെന്റില്‍ പാക്ക് പ്രസിഡന്റ് ജനറല്‍ അയൂബ് ഖാനുമായി ഈ കരാര്‍ ഒപ്പുവച്ച ശേഷമാണു ശാസ്ത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല