വര്‍ക്കല മുണ്ടിയില്‍ പഴവിള വീട്ടില്‍ ലിജി(19)യെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധു പൊലീസിന്റെ പിടിയിലായി.ലിജിയുടെ അടുത്ത ബന്ധുവായ ബിജുവാണ് പോലീസിന്റെ കസ്റ്റഡിയിലുളളത്. ഇയാള്‍ക്ക് ലിജിയുടെ മാതാവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് ലിജിയുടെ മാതാവ് ലീനയെ ചോദ്യം ചെയ്തു. ആദ്യം ഇവര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിലും പിന്നീട് വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.
വിവാഹിതനായ ബിജുവിന് ലിജിയോട് അടുപ്പം തോന്നിയിരുന്നു. ഇയാള്‍ ഇക്കാര്യം ലിജിയോട് പറഞ്ഞെങ്കിലും പെണ്‍കുട്ടി ഇയാളുടെ പ്രണയാഭ്യര്‍ഥന നിരസിച്ചു. ഇതിന്റെ പേരില്‍ ബിജുവിന് ലിജിയോട് പകയുണ്ടായിരുന്നു. പലപ്പോഴും ഇയാള്‍ പെണ്‍കുട്ടിയെ പരസ്യമായി അപമാനിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. ലിജി ഇക്കാര്യം മാതാവിനെ അറിയിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല.
സംഭവ ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബിജു വഴിയില്‍ തടഞ്ഞു നിര്‍ത്തി അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ പേടിച്ച് തൊട്ടടുത്ത വീട്ടില്‍ അഭയം തേടിയ പെണ്‍കുട്ടി ബിജു പോയി കാണുമെന്ന് കരുതി വീണ്ടും റോഡിലേയ്ക്കിറങ്ങി. ഈ സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ ബൈക്കിടിപ്പിച്ച് വീഴുത്തി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലിജി ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
കുറ്റവാളിയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തിയപ്പോഴൊന്നും പൊലീസ് ഇയാളെ സംശയിച്ചിരുന്നില്ല. ലിജിയുടെ വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും ഇയാള്‍ ഒപ്പം നിന്നിരുന്നു. അതുകൊണ്ടു തന്നെ പൊലീസ് ബിജുവിനെ സംശയിച്ചിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല