![](http://www.nrimalayalee.com/wp-content/uploads/2024/12/Screenshot-2024-12-11-165926-640x398.png)
സ്വന്തം ലേഖകൻ: പൊതുമേഖലാ ജീവനക്കാര്‍ക്ക് നാമമാത്രമായ വേതന വര്‍ധനയുമായി ലേബര്‍ മന്ത്രിസഭ. എന്‍എച്ച്എസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും മറ്റു പൊതുമേഖലാ ജീവനക്കാര്‍ക്കും 2.8% ശമ്പളവര്‍ധന മാത്രം ആണ് മുന്നോട്ടുവച്ചിരിക്കുന്നത്. പല പേ റിവ്യൂ ബോഡികള്‍ക്കായി ഗവണ്‍മെന്റ് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളിലാണ് 2025/26 വര്‍ഷത്തേക്ക് പൊതുമേഖലാ ജീവനക്കാര്‍ക്ക് 2.8 ശതമാനം ശമ്പളവര്‍ധന മതിയെന്ന് മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചത്.
ഇത് എന്‍എച്ച്എസിലും, സ്‌കൂളുകളിലും പുതിയ സമരങ്ങള്‍ക്ക് തിരികൊളുത്തുമെന്ന് മുന്നറിയിപ്പുമായി ട്രേഡ് യൂണിയനുകള്‍ രംഗത്തുവന്നു. ഈ വര്‍ഷം 4.75 ശതമാനം മുതല്‍ 6 ശതമാനം വരെ വര്‍ധനവുകള്‍ ലഭിച്ച എന്‍എച്ച്എസ് ജീവനക്കാര്‍, അധ്യാപകര്‍, മറ്റ് സീനിയര്‍ പൊതുമേഖലാ ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഇതിന്റെ പകുതി വര്‍ധന നല്‍കാന്‍ സാധിക്കൂവെന്നു ലേബര്‍ ഗവണ്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്. 2024/25 വര്‍ഷം യഥാര്‍ത്ഥ തോതില്‍ ശമ്പളവര്‍ധന ലഭ്യമാക്കാന്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വന്നതായി ട്രഷറി പേ റിവ്യൂ ബോഡികളെ അറിയിച്ചു.
സിപിഐ പണപ്പെരുപ്പരം 2.6 ശതമാനത്തില്‍ നില്‍ക്കുമെന്ന ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രവചനം മുന്‍നിര്‍ത്തിയാണ് 2025/26 വര്‍ഷത്തെ നിര്‍ദ്ദേശങ്ങളില്‍ ഈ നിലപാട് വ്യക്തമാക്കുന്നത്. കൂടാതെ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥയില്‍ ഏകദേശം 3 ശതമാനത്തിലാണ് വരുമാന വര്‍ധനവ് ഉണ്ടാകുകയെന്നാണ് ഒബിആര്‍ പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ 2025/26 വര്‍ഷത്തെ 2.8 ശതമാനം ശമ്പളവര്‍ധന നിര്‍ദ്ദേശം കുറ്റകരമാണെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. പണപ്പെരുപ്പവുമായി പൊരുത്തപ്പെടുമെന്ന വാദത്തെയും ഇവര്‍ തള്ളുന്നു. എന്‍എച്ച്എസ് ജീവനക്കാര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതല്ല ഈ 2.8 ശതമാനം വര്‍ധനവെന്ന് യുണീഷന്‍ ഹെല്‍ത്ത് ഹെഡ് ഹെല്‍ഗാ പൈല്‍ പറഞ്ഞു.
‘എന്‍എച്ച്എസിന്റെ സ്ഥിതി മെച്ചപ്പെടുത്താന്‍ ജീവനക്കാര്‍ സുപ്രധാനമാണ്. പ്രകടനം മെച്ചപ്പെടുത്തണമെന്നാണ് ഗവണ്‍മെന്റ് വാഗ്ദാനം. എന്നാല്‍ ജീവിതച്ചെലവിന് അടുത്ത് പോലും വരാത്തതാണ് ശമ്പളവര്‍ധന നിര്‍ദ്ദേശങ്ങള്‍’, പൈല്‍ വ്യക്തമാക്കി. ഒരു കപ്പ് കാപ്പിയുടെ പോലും വില നഴ്‌സിംഗ് ജീവനക്കാര്‍ക്ക് നല്‍കാനില്ലേയെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള സ്റ്റര്‍ജന്റെ ചോദ്യം.
‘ദിവസത്തില്‍ കേവലം 2 പൗണ്ട് അധികം നല്‍കാനുള്ള മൂല്യാണ് നഴ്‌സിംഗ് ജീവനക്കാര്‍ക്കുള്ളതെന്ന് ഗവണ്‍മെന്റ് പറയുന്നു. നഴ്‌സിംഗ് പ്രതിസന്ധി നേരിടുകയാണ്. വിട്ടുപോകുന്ന നഴ്‌സുമാരുടെ അനുപാതത്തില്‍ പുതിയ ആളുകള്‍ ചേരുന്നില്ല. തുറന്ന ചര്‍ച്ചകളിലൂടെ പരിഹാരം കാണണം. കൂടുതല്‍ തര്‍ക്കങ്ങളും, ബാലറ്റുകളും ഒഴിവാക്കാം’, അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല