സ്വന്തം ലേഖകന്‍: സരബ്ജിത് സിങ് കൊലപാതക കേസിലെ പ്രതികളെ പാക് കോടതി വെറുതെ വിട്ടു; വിധി സാക്ഷികള്‍ മൊഴി മാറ്റിയതിനെ തുടര്‍ന്ന്. ദീര്‍ഘകാലം പാക് തടവില്‍ കഴിഞ്ഞ സരബ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് മുഖ്യപ്രതികളെ പാക് കോടതി വെറുതെ വിട്ടു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാഹോര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയാണ് പ്രതികളായ അമീര്‍ താംബ, മുദസ്സര്‍ എന്നിവരെ വെറുതെ വിട്ടത്. കേസിലെ സാക്ഷികള്‍ കോടതിയ്ക്ക് മുമ്പാകെ മൊഴി മാറ്റുകയായിരുന്നു.
2013ല്‍ ലാഹോര്‍ കോട്ട് ലഖ്പത് ജയിലിലാണ് സരബ്ജിത് സിങ് കൊല്ലപ്പെടുന്നത്. പ്രതികള്‍ സരബ്ജിത്തിന്റെ സഹതടവുകാരായിരുന്നു. ഇഷ്ടിക കൊണ്ടും ദണ്ഡുകള്‍ കൊണ്ടും ക്രൂരമായി മര്‍ദ്ദനമേറ്റ സരബ്ജിത് അഞ്ചു ദിവസം കഴിഞ്ഞ് ലാഹോറിലെ ജിന്നാ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെടുന്നത്. നേരത്തെ കേസ് വാദിക്കുന്ന സമയത്ത് സാക്ഷികളെ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ജഡ്ജി വിമര്‍ശനമുന്നയിച്ചിരുന്നു.
1990ലെ ഫൈസലാബാദ്, മുള്‍ത്താന്‍ സ്‌ഫോടനക്കേസുകളില്‍ പങ്കുണ്ടെന്നാരോപിച്ചാണ് സരബ്ജിത് സിങ്ങിനെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. 16 വര്‍ഷം പാക് ജയിലില്‍ കഴിഞ്ഞ സരബ്ജിത്തിനെ വധശിക്ഷയ്ക്ക വിധിക്കുകയും മുഷറഫ് പ്രസിഡന്റായിരിക്കെ ദയാഹര്‍ജി തള്ളുകയും ചെയ്തിരുന്നു. സര്ബജിത്തിന്റെ കൊലപാതകം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരി ദല്‍ബീര്‍ കൗര്‍ നിയമപോരാട്ടം നടത്തിവരികയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല