സ്വന്തം ലേഖകന്‍: ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ഇരുപത് വര്‍ഷം തടവുശിക്ഷയും മുപ്പത് ലക്ഷം രൂപ പിഴയും, കോടതിയില്‍ പൊട്ടിക്കരഞ്ഞ് മാപ്പപേക്ഷിച്ച് ആള്‍ദൈവം. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേര സച്ചാ സൗദ തലവന് ഓരോ പീഡനത്തിനും പത്ത് വര്‍ഷം തടവുശിക്ഷ വീതമാണ് ലഭിച്ചത്. പീഡന ഇരകള്‍ക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും നല്‍കണം. പത്ത് വര്‍ഷം വീതമുള്ള ശിക്ഷ വെവ്വേറെ അനുഭവിക്കണം.
നേരത്തെ ഗുര്‍മീതിന് പത്ത് വര്‍ഷം തടവുശിക്ഷയെന്നാണ് വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ വിധി പകര്‍പ്പ് പുറത്ത് വന്നപ്പോഴാണ് ഇരുപത് വര്‍ഷം തടവു ശിക്ഷയാണ് വിധിച്ചതെന്ന് വ്യക്തമായത്. റോത്തക് ജയിലിലെ വായനാ മുറി താല്‍ക്കാലിക കോടതി ആക്കിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിങ് ആണ് ശിക്ഷ വിധിച്ചത്. തന്റെ അനുയായികളായ രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് ഗുര്‍മീതിന്റെ പേരിലുള്ള കേസ്.
വിധി കേട്ട് പൊട്ടിക്കരഞ്ഞ് നിലത്ത് കിടന്ന ഗുര്‍മീതിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് കോടതി മുറിക്കുള്ളില്‍ നിന്ന് നീക്കുകയായിരുന്നു. കരഞ്ഞു കൊണ്ട് റാംറഹീം ജഡ്ജിയോട് മാപ്പപേക്ഷിച്ചു. എന്നാല്‍ 3 വര്‍ഷം തുടര്‍ച്ചയായി കുറ്റം ചെയ്തുവെന്നും മാപ്പ് അര്‍ഹിക്കുന്നില്ലെന്നും സിബിഐ വ്യക്തമാക്കി. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമം 376 പ്രകാരം ബലാല്‍സംഗത്തിന് രണ്ട് കേസുകളിലും 10 വര്‍ഷം വീതം കഠിന തടവ് കോടതി വിധിച്ചു.
ജയില്‍ മാറ്റണമെന്ന് ഗുര്‍മീത് ആവശ്യപ്പെട്ടപ്പോള്‍ ജയിലിലേക്ക് സ്യൂട്ട് കേസ് കൊണ്ടു വരാനും വളര്‍ത്തു മകളെ ഹെലികോപ്റ്ററില്‍ കയറ്റാനും എന്തിന് സമ്മതിച്ചെന്ന് കോടതി പോലീസിനോട് ചോദിച്ചു. ജയിലിലെ ഭക്ഷണം കഴിക്കാനാകില്ലെന്ന ഗുര്‍മീതിന്റെ വാദവും കോടതി തള്ളി. തുടര്‍ന്ന് തന്നെ കുടുക്കിയതാണെന്ന് കരഞ്ഞു പറഞ്ഞ് നിലത്തുകിടന്ന ഗുര്‍മീത് റാം റഹിം സിംഗിനെ ബലംപ്രയോഗിച്ചാണ് താല്ക്കാലിക കോടതി മുറിക്കുള്ളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ നീക്കിയത്. പതിനഞ്ച് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അനുയായികളായ മുപ്പതോളം യുവതികളെ ഗുര്‍മീത് ബലാത്സംഗം ചെയ്തതായും ആരോപണമുണ്ട്. എന്നാല്‍ രണ്ട് പേര്‍ മാത്രമാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ തയ്യാറായത്. ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിയെ തുടര്‍ന്ന് അഞ്ച് സംസ്ഥാനങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹരിയാനയില്‍ പോലീസും സൈന്യവും കനത്ത ജാഗ്രതയിലാണ്. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഗുര്‍മീതിന്റെ അഭിഭാഷകന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല