സ്‌കൂളുകള്‍ക്ക് മുന്നിലും ഷോപ്പിംഗ് മാളുകള്‍ക്ക് മുന്നിലും വാഹനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്യാതെ കിടന്നാല്‍ ഇനി മുതല്‍ പിഴ നല്‍കേണ്ടി വരും. വാഹനങ്ങള്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തുന്നത് മൂലം സംഭവിക്കുന്ന വായു മലിനീകരണം കുറയ്ക്കുന്നതിനാണ് വാഹനങ്ങള്‍ ഓഫ് ചെയ്തിടണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ഇത് അനുസരിക്കാത്തവര്‍ക്കായിരിക്കും 20 പൗണ്ട് പിഴ ഈടാക്കുക. പിഴയടയ്ക്കാന്‍ വൈകിയാല്‍ പിഴത്തുക 20ല്‍ നിന്ന് 40 പൗണ്ടായി ഉയര്‍ത്തും.
ട്രാഫിക്കില്‍പ്പെട്ട് കിടക്കുന്ന വാഹനങ്ങള്‍ക്കും സിഗ്നല്‍ കാത്തുകിടക്കുന്ന വാഹനങ്ങള്‍ക്കും ഇത് ബാധകമല്ല. വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്തിട്ട് മറ്റൊരാള്‍ക്കായി കാത്ത് കിടക്കുന്നത് കാണുമ്പോള്‍ ട്രാഫിക് മാര്‍ഷല്‍സ് അടുത്തെത്തി ജനലില്‍ തട്ടി വാഹനം ഓഫ് ചെയ്യാന്‍ നിര്‍ദ്ദേശിക്കും. ഇത് അനുസരിക്കാതെ വാഹനം വീണ്ടും ഓണാക്കി ഇട്ടാല്‍ മാത്രമെ പിഴ വിധിക്കുകയുള്ളു. അതേസമയം വാഹന ഉപയോക്താക്കളും ടാക്‌സി ഡ്രൈവര്‍മാരും ഈ നിര്‍ദ്ദേശത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ലണ്ടനിലെ മലിനീകരണം കുറയ്ക്കാന്‍ ഇതുകൊണ്ട് സാധിക്കില്ല. മറിച്ച് ട്രാഫിക്കില്‍ തളംകെട്ടി കിടക്കുന്ന വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ സൗകര്യമൊരുക്കിയാല്‍ മലിനീകരണം കുറയ്ക്കാന്‍ സാധിക്കുമെന്ന് മോട്ടോറിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു.
മെയ് ഒന്നു മുതലായിരിക്കും പുതിയ നിയമം പ്രാബല്യത്തില്‍ വരിക. നേരത്തെ കാംഡെന്‍ കൗണ്‍സില്‍ നടപ്പാക്കിയ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഈ നിയമം നടപ്പാക്കുന്നത്. അധികസമയം നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍ക്ക് കാംഡിന്‍ കൗണ്‍സില്‍ പിഴശിക്ഷ നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സ്വകാര്യ വാഹനങ്ങള്‍ക്കും ഈ നിയമം ബാധകമാക്കുന്നത്.
അതേസമയം ഗ്രീന്‍ ക്യാംപെയ്‌നേഴ്‌സും മറ്റ് പരിസ്ഥിതി സ്‌നേഹസംഘടനകളും ഈ നീക്കത്തെ സ്വാഗതം ചെയ്തു. പ്രകൃതിയെ രക്ഷിക്കാനുള്ള ഒരു നടപടിയെങ്കിലും എടുത്താല്‍ അത് അത്രയും നല്ലതെന്നാണ് ഇവരുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല