സ്വന്തം ലേഖകന്‍: ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ അനാഥരാക്കിയത് 2000 കുട്ടികളെ; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളേയും രക്ഷിതാക്കളേയും വേര്‍പിരിച്ച് യുഎസ് അധികൃതര്‍. കുടിയേറ്റ നയം കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായാണ് യു.എസ് മെക്‌സികോ അതിര്‍ത്തിപ്രദേശത്തുനിന്ന് 2000 കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും അധികൃതര്‍ പിരിച്ചത്. ഏപ്രില്‍ 19നും മേയ് 31നും ഇടയില്‍ രേഖകളില്ലാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 1940 പ്രായപൂര്‍ത്തിയായവരെയും 1995 കുട്ടികളെയും തമ്മില്‍ വേര്‍പെടുത്തിയതായി ആഭ്യന്തര സുരക്ഷ വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇതില്‍ പ്രായപൂര്‍ത്തിയായവരെ മേയ് മാസം പ്രഖ്യാപിച്ച കുടിയേറ്റ നിരോധന നിയമപ്രകാരം ക്രിമിനല്‍ കുറ്റം ചുമത്തി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ളവരെ പാര്‍പ്പിക്കുന്ന ടെക്‌സസിലെ കുടിയേറ്റ കരുതല്‍ തടങ്കല്‍ നിലവില്‍തന്നെ കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിയമം ശക്തമാക്കിയതോടെ 100 കേന്ദ്രങ്ങളിലായി 11,000 കുട്ടികളെങ്കിലും അഭയാര്‍ഥികളായി കഴിയുന്നതായാണ് വിവരം. അനധികൃത കുടിയേറ്റക്കാരെ പിടികൂടാന്‍ എമിഗ്രേഷന്‍ കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന് ട്രംപ് കൂടുതല്‍ അധികാരം നല്‍കിയതു മുതലാണ് അറസ്റ്റുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നത്.
നയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങളാണ് ഈ മാസമാദ്യം യു.എസ് നഗരങ്ങളില്‍ റാലി നടത്തിയത്. ട്രംപിന്റെ നടപടി കുടുംബ ജീവിതത്തിലേക്കുള്ള നിയമവിരുദ്ധമായ കടന്നുകയറ്റമാണെന്നും കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതര ലംഘനമാണെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈകമീഷണര്‍ അഭിപ്രായപ്പെട്ടിരുന്നു. കുട്ടികള്‍ കുടുംബത്തില്‍നിന്ന് വേര്‍പെട്ട പശ്ചാത്തലത്തില്‍ പിഴച്ച നയം നിര്‍ത്തണമെന്ന് കാലിഫോര്‍ണിയ സെനറ്റര്‍ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല