1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2015

സ്വന്തം ലേഖകന്‍: 2002 ലോകകപ്പില്‍ ദക്ഷിണകൊറിയയെ സഹായിക്കാന്‍ ഫിഫ ഒത്തുകളിച്ചെന്ന ആരോപണവുമായി ഇറ്റാലിയന്‍ പത്രം രംഗത്ത്.
ഇറ്റാലിയന്‍ പത്രമായ കൊറിയറെ ഡെല്ലോ സ്‌പോര്‍ട്‌സാണ് ഒത്തുകളി ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

ഇറ്റലിയും സ്‌പെയിനുമായി കൊറിയ കളിച്ച മത്സരങ്ങളാണ് സംശയത്തിന്റെ നിഴലിലെന്ന് പത്രം ആരോപിക്കുന്നു. ഫിഫയുടെ അഴിമതിക്ക് വലിയ തെളിവുകളൊന്നും ആവശ്യമില്ലെന്ന മുഖവുരയോടെ ആരംഭിക്കുന്ന റിപ്പോര്‍ട്ടില്‍ പത്രം പതിമൂന്ന് വര്‍ഷം മുമ്പ് സംഭവിച്ച അട്ടിമറിയിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്.

അന്ന പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇറ്റലി തോല്‍ക്കുകയായിരുന്നു. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ഇറ്റലിക്കെതിരായി പല തവണ റഫറിമാര്‍ വിസിലൂതി. ഇക്വഡോറിയന്‍ റഫറി ബൈരോന്‍ മോറെനോ ഇറ്റലിയുടെ സൂപ്പര്‍ താരം ഫ്രാന്‍സെസ്‌കോ ടോട്ടിക്ക് ചുവപ്പ് കാര്‍ഡ് കാണിച്ചതും വിവാദമായിരുന്നു.

ഇറ്റാലിയന്‍ മാധ്യമങ്ങളില്‍ അന്നേറെ ചര്‍ച്ച ചെയ്യപെട്ട സംഭവമായിരുന്നു ആ ചുവപ്പ് കാര്‍ഡ്. മാത്രമല്ല, ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ മത്സരത്തിന്റെ തത്‌സമയ കമെന്റേറ്ററായെത്തിയത് ആദ്യം കൗതുകമുണര്‍ത്തിയെങ്കിലും പിന്നീട് അതും വിവാദമായി.

ഇറ്റലിയുടെ പുറത്താകല്‍ റഫറിയുടെയോ ലൈന്‍സ്മാന്റെയും കുഴപ്പം കൊണ്ടല്ലെന്നും പ്രതിരോധത്തിലും ആക്രമണത്തിലും സംഭവിച്ച പിഴവുകള്‍ കൊണ്ടാണെന്നും ബ്ലാറ്റര്‍ കമെന്ററിയില്‍ തട്ടിവിട്ടു. പതിനെട്ടാം മിനുട്ടില്‍ വിയേരിയുടെ ഗോളില്‍ മുന്നിലെത്തിയ ഇറ്റലി എണ്‍പത്തെട്ടാം മിനുട്ടില്‍ സമനില വഴങ്ങി. 117 മത്തെ മിനുട്ടില്‍ ആന്‍ ജുന്‍ വാനിന്റെ ഗോളില്‍ അട്ടിമറി ജയത്തോടെ ദക്ഷിണകൊറിയ ക്വാര്‍ട്ടറിലെത്തുകയായിരുന്നു.

ഇറ്റാലിയന്‍ ക്ലബ്ബ് പെറൂജിയയുടെ താരമായിരുന്നു അപ്പോള്‍ ആന്‍. ഈ വിവാദ മത്സരത്തോടെ ആനിനെ ഇറ്റാലിയന്‍ ക്ലബ്ബ് പുറത്താക്കുകയും ചെയ്തു. സ്‌പെയിന്‍, കൊറിയ ക്വാര്‍ട്ടര്‍ ഫൈനലിലാകട്ടെ സ്‌പെയിനിന്റെ ഗോള്‍ശ്രമങ്ങള്‍ മിക്കതും ഓഫ് സൈഡ് കെണിയില്‍ കുടുങ്ങിയത് വിവാദമായിരുന്നു. അധിക സമയവും കടന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ജയിച്ച് കൊറിയ സെമിയിലെത്തി. തുടര്‍ന്ന് സെമിയില്‍ ജര്‍മനിയോട് ഏക ഗോളിന് തോറ്റ് പുറത്താകുകയും ചെയ്തു. ഒരു ഏഷ്യന്‍ രാജ്യത്തിന്റെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനമായാണ് കൊറിയയുടെ 2002 ലോകകപ്പ് മുന്നേറ്റം വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.