1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2015

സ്വന്തം ലേഖകന്‍: 2006 മുംബൈ സ്‌ഫോടനക്കേസില്‍ 12 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി, പ്രതികള്‍ ‘സിമി’ പ്രവര്‍ത്തകരെന്ന് ആരോപണം. പ്രതികളില്‍ അഞ്ചുപേര്‍ക്കെതിരെ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായുള്ള വാദം കേള്‍ക്കല്‍ തിങ്കളാഴ്ച തുടങ്ങും.

ഇന്ത്യന്‍ ശിക്ഷാനിയമം, സ്‌ഫോടകവസ്തു നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമം, പൊതുമുതല്‍ നശിപ്പിക്കല്‍ വിരുദ്ധ നിയമം, ഇന്ത്യന്‍ റയില്‍വേ നിയമം, മഹാരാഷ്ട്രാ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മകോക്ക) എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയത്.

ഏഴു മലയാളികള്‍ ഉള്‍പ്പെടെ 188 പേര്‍ കൊല്ലപ്പെട്ട 2006 ലെ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടന പരമ്പരക്കേസില്‍ നിരോധിത സംഘടനയായ ‘സിമി’യുടെ പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്ന 12 പേരാണ് കുറ്റക്കാരാണെന്ന് ‘മകോക്ക’ കോടതി വിധിച്ചത്. അറസ്റ്റിലായ 13 പേരില്‍ സ്‌ഫോടനങ്ങള്‍ നടത്തിയവര്‍ക്കു താമസസൗകര്യം ഒരുക്കിയെന്ന് ആരോപിക്കപ്പെട്ടു പിടിയിലായ എട്ടാം പ്രതി അബ്ദുല്‍ വാഹിദ് ഷെയ്ഖിനെ വിട്ടയച്ചു.

‘സിമി’യെ ഉപയോഗിച്ചു ഭീകരസംഘടനയായ ലഷ്‌കറെ തയിബ നടപ്പാക്കിയതാണു സ്‌ഫോടനപരമ്പരയെന്നു മുംബൈ എടിഎസ് (ഭീകരവിരുദ്ധ സ്‌ക്വാഡ്) സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ലഷ്‌കറിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍പിടിച്ചിരുന്ന അസം ചിമ ഉള്‍പ്പെടെ 17 പേരെ പിടികൂടാനായിട്ടില്ല. ഇതില്‍ 13 പേര്‍ പാക്ക് പൗരന്‍മാരാണ്. ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസിവ് ഡിവൈസസ്) ആണു സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചതെന്നും മുംബൈയിലെ ഗോവണ്ടിയില്‍ പാക്ക് സ്വദേശികളുടെ സാന്നിധ്യത്തിലാണു ബോംബുകള്‍ നിര്‍മിച്ചതെന്നും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.