1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2018

സ്വന്തം ലേഖകന്‍: 2008 ലെ മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്റെ അറിവോടെ; നിര്‍ണായക വെളിപ്പെടുത്തലുമായി നവാസ് ഷെരീഫ്. ആക്രമണം തീവ്രവാദി സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന കാര്യം സമ്മതിച്ച പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആക്രമണത്തെകുറിച്ച് വ്യക്തമായ ധാരണ പാക് ഭരണകൂടത്തിനുണ്ടായിരുന്നു എന്നും തുറന്നു സമ്മതിച്ചു.

2008 നവംബര്‍ 26 മുതല്‍ മൂന്ന് ദിവസം മുംബൈയിലെ 10 ഇടങ്ങളില്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തായ്ബ നടത്തിയ ഭീകരാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 166 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം പാകിസ്താന്‍ സര്‍ക്കാരിന്റെ അറിവോടെ പാക് ഭീകരര്‍ നടപ്പാക്കിയതാണെന്ന് അന്നുതന്നെ ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു.

എങ്കിലും ഇന്നുവരെ ഇത് നിഷേധിക്കുന്ന നിലപാടാണ് പാകിസ്താന്റേത്. ‘ഡോണ്‍’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ മുസ്‌ലിം ലീഗ് നേതാവുമായ നവാസ് ഷെരീഫിന്റെ തുറന്നുപറച്ചില്‍. പാകിസ്താനില്‍ തീവ്രവാദി സംഘടനകള്‍ വളരെ സജീവമാണെന്ന കാര്യവും നവാസ് ഷെരീഫ് സമ്മതിച്ചു. എന്നാല്‍ ഇവരെ അതിര്‍ത്തി കടന്ന് മുംബൈയിലെത്തി ആക്രമണം നടത്താന്‍ അനുവദിച്ചത് തെറ്റായിപ്പോയെന്ന് ഷെരീഫ് പറഞ്ഞു.

തീവ്രവാദികളെ നിയന്ത്രിക്കുന്നതിന് പാകിസ്ഥാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്നും ഷെരീഫ് സമ്മതിച്ചു. 2008 ല്‍ മുംബൈ ആക്രമണം നടക്കുമ്പോള്‍ ഷെരീഫിന്റെ എതിരാളികളായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ആണ് പാകിസ്താനില്‍ ഭരണം നടത്തിയിരുന്നു. യൂസഫ് റാസ ഗിലാനി പ്രധാനമന്ത്രിയും ആസിഫ് അലി സര്‍ദാരി പ്രസിഡന്റും. മുംബൈയിലെ ്ര്രആകമണത്തിന് സഹായം ചെയ്തതിന് അന്നത്തെ ഭരണകൂടം ഉത്തരം നല്‍കേണ്ടതാണ്. എന്തുകൊണ്ടാണ് ഈ ആക്രമണത്തില്‍ വിചാരണ പൂര്‍ത്തിയാക്കാത്തതെന്നും നവാസ് ഷെരീഫ് ചോദിച്ചു.

ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബാറോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളിലാണ് പാകിസ്താനില്‍ നിന്നെത്തിയ പത്ത് ഭീകരര്‍ ആക്രമണം നടത്തിയത്. ഇതില്‍ കസബ് ഒഴികെയുള്ളവര്‍ മുംബൈ പൊലീസിന്റെയും സൈന്യത്തിന്റെ പ്രത്യേക ദൗത്യസേനയുടെയും പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കസബിനെ പിന്നീട് തൂക്കിക്കൊന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.