അനീഷ് ജോണ്‍: യുക്മ എന്ന മഹത്തായ സംഘടനയ്ക്ക് ഏറെ കരുത്ത് പകര്‍ന്നിട്ടുള്ള റീജിയണാണ് ഈസ്റ്റ് ആംഗ്ലിയ. ബ്രിസ്റ്റോളില്‍ 2010ല്‍ തുടക്കമിട്ട ദേശീയ കലാമേളയെ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കലാമാമാങ്കമായി അരക്കിട്ടുറപ്പിച്ചത് സൗത്തെന്റ് ഓണ്‍ സീയില്‍ 2011 നവംബര്‍ 5ന് നടന്ന യുക്മയുടെ രണ്ടാമത് നാഷണല്‍ കലാമേളയാണ്. സംഘാടകരുടെ പ്രതീക്ഷയെ കവച്ചുവയ്ക്കുന്ന രീതിയില്‍ ജനപങ്കാളിത്തമുണ്ടായ ആദ്യകലാമേള പിറ്റേന്ന് പുലര്‍ച്ചെയാണ് സമ്മാനദാനവും കഴിഞ്ഞ് അവസാനിച്ചതെങ്കില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കൃത്യസമയത്ത് തന്നെ കലാമേള അവസാനിപ്പിച്ച് സൗത്തെന്റ് ഓണ്‍ സീയിലെ രണ്ടാമത് കലാമേള മാതൃകയായി മാറി. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനും സൗത്തെന്‍ഡ് മലയാളി അസോസിയേഷനും ആതിഥ്യമരുളിയ നാഷണല്‍ കലാമേള വെസ്റ്റ്ക്ലിഫ് ബോയ്‌സ് ആന്‍ഡ് ഗേള്‍സ് സ്‌കൂളിലെ നാലു വേദികളിലായിട്ടാണ് അരങ്ങേറിയത്. ആദ്യ റീജണല്‍ കലാമേള ഏറ്റെടുത്ത് നടത്തിയ സൗത്തെന്റ് അസോസിയേഷന്റെ മികവ് പരിഗണിച്ചാണ് നാഷണല്‍ കമ്മറ്റി ദേശീയ കലാമേളയ്ക്ക് വേദിയൊരുക്കുന്നതിന് സൗത്തെന്റിനെ പരിഗണിച്ചത്. നാഷണല്‍ കമ്മറ്റിയുടെ പ്രതീക്ഷകള്‍ക്കുമപ്പുറത്ത് മനോഹരമായ വേദിയൊരുക്കിയാണ് രണ്ടാമത് ദേശീയ കലാമേളയെ വന്‍വിജയമാക്കി മാറ്റിയത്. 1000 പേര്‍ക്ക് വീതം ഇരിപ്പിട സൗകര്യമുള്ള 2 പ്രധാന സ്‌റ്റേജുകളും 200 പേര്‍ക്ക് വീതം ഇരിപ്പിട സൗകര്യമുള്ള 2 ചെറിയ സ്‌റ്റേജുകളും, 600ന് മേല്‍ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യവും, എല്ലാ റിജിയനും പ്രത്യേകം ഗ്രീന്‍ റൂം സൗകര്യവുമുള്ള വെസ്റ്റ്ക്ലിഫ് സ്‌കൂള്‍ ഫോര്‍ ബോയ്‌സ് ആന്റ് ഗേള്‍സ് പങ്കെടുക്കാനെത്തിയവരെ അമ്പരപ്പിക്കുന്ന തരത്തിലുള്ള സജ്ജീകരണങ്ങളോട് കൂടിയതായിരുന്നു.
ആദ്യകലാമേളയ്ക്ക് ശേഷം യുക്മ ദേശീയ കമ്മറ്റി പൊതുജനങ്ങളില്‍ നിന്നും അംഗ?അസോസിയേഷനുകളില്‍ നിന്നും ദേശീയ കലാമേളയുടെ നടത്തിപ്പു ആവശ്യമായ അഭിപ്രായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് കൃത്യമായ ഗൃഹപാഠം നടത്തിയാണ് രണ്ടാമത് കലാമേളയ്ക്ക് ഒരുങ്ങിയത്. ഇതോടെ യുകെയിലെ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെ വിജയമായ കലാമേള അപൂര്‍വ പ്രതിഭകളുടെ അസാധാരണ മികവിന്റെ മാറ്റുരക്കലിനുള്ള വേദിയായും മാറി. ഒന്നാമത്തെ വേദിയില്‍ സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളിലെ മല്‍സരാര്‍ത്ഥികളുടെ നൃത്ത ഇനങ്ങളിലെ മല്‍സരങ്ങള്‍ നടന്നപ്പോല്‍ രണ്ടാമത്തെ വേദിയില്‍ നടന്നത് സബ്ജൂനിയര്‍ വിഭാഗത്തിലെ നൃത്ത ഇന മല്‍സരങ്ങളാണ്. മൂന്നും നാലും വേദികളിലായി, പ്രസംഗം, മോണോ ആക്റ്റ് തുടങ്ങിയ നൃത്തേതര ഇനങ്ങളിലെ മല്‍സരങ്ങളും അരങ്ങേറി. വീറും വാശിയും മല്‍സരാര്‍ത്ഥികളിലും കാണികളിലും പ്രകടമായിരുന്നു എങ്കിലും മികവുറ്റ പരിപാടികളെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുന്നതിലും അഭിനന്ദിക്കുന്നതിലും മല്‍സരാര്‍ത്ഥികളും കാണികളും മല്‍സരിച്ചപ്പോള്‍ യുക്മ നാഷണല്‍ കലാമേള യുകെയിലെ മലയാളി കൂട്ടായ്മയുടെ വിജയമായി മാറുകയാണ് ഉണ്ടായത്.
യുക്മ നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍?, സെക്രട്ടറി അബ്രാഹം ലൂക്കോസ്, ജനറല്‍ കണ്‍വീനര്‍ വിജി കെ.പി, ഈസ്റ്റ് ആംഗ്ലിയ റീജണല്‍ പ്രസിഡന്റ് കുഞ്ഞുമോന്‍ ജോബ്, കണ്‍വീനര്‍ പ്രദീപ് കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയായിരുന്നു കലാമേളയുടെ വിജയത്തിന് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.
രണ്ടാമത് ദേശീയ കലാമേളയിലും ഏറ്റവും കൂടുതല്‍ പോയന്റു നേടി ‘ഡെയ്?ലി മലയാളം എവര്‍റോളിങ് ട്രോഫി’ സ്വന്തമാക്കിയത് 285 പോയന്റ് നേടിയ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയനാണ്. 246 പോയന്റു നേടി ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ രണ്ടാം സ്ഥാനത്തും, 149 പോയന്റു നേടി നോര്‍ത്ത്? വെസ്റ്റ് റീജിയന്‍ മൂന്നാം സ്ഥാനത്തും എത്തി.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നതിനുള്ള വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 133 പോയന്റു നേടി ബാസില്‍ഡന്‍ മലയാളി അസ്സോസിയേഷന്‍ ബെസ്റ്റ് അസ്സോസിയേഷന്‍ പദവി കരസ്ഥമാക്കിയപ്പോള്‍ 114 പോയന്റു നേടി മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ രണ്ടാം സ്ഥാനത്തും 111 പോയന്റു നേടി സ്റ്റഫ്‌ഫോര്‍ഡ്‌ഷെയര്‍ മലയാളി അസ്സോസിയേഷന്‍ മൂന്നാം സ്ഥാനത്തും എത്തി.
സ്റ്റഫ്‌ഫോര്‍ഡ്‌ഷെയര്‍ മലയാളി അസ്സോസിയേഷനിലെ രേഷ്മ മരിയ എബ്രഹാം 29 പോയന്റോടെ കലാതിലകപ്പട്ടം നേടിയപ്പോള്‍, ആദ്യകലാമേളയിലെ കലാതിലകമായിരുന്ന സ്റ്റഫ്‌ഫോര്‍ഡ്‌ഷെയര്‍ മലയാളി അസ്സോസിയേഷനിലെ തന്നെ ജെനീറ്റ റോസ്സ് തോമസ്സും മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷനിലെ നിമിഷ ബേബിയും 27 പോയന്റുകള്‍ വീതം നേടി രണ്ടാം സ്ഥാനത്തെത്തി.
ഡോര്‍സറ്റ് മലയാളി അസ്സോസിയേഷനിലെ ജോയല്‍ മാത്യു 17 പോയന്റു നേടി കലാപ്രതിഭപ്പട്ടം നേടിയപ്പൊള്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷനിലെ ഫ്രാങ്ക്‌ലിന്‍ ഫെര്‍ണാണ്ടസ് 16 പോയന്റു നേടി രണ്ടാം സ്ഥാനത്തെത്തി. 12.5 പോയന്റു നേടിയ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷനിലെ ബിജു ജോര്‍ജ്ജിനാണ് മൂന്നാം സ്ഥാനം
രണ്ടാമത് കലാമേളയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഈസ്റ്റ് ആംഗ്ലിയ റീജിയണ് നാഷണല്‍ കലാമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത്. യുക്മയുടെ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു പ്രതിനിധീകരിക്കുന്ന റീജിയണ്‍ എന്ന നിലയില്‍ ഹണ്ടിംഗ്ടണില്‍ നടക്കുന്ന കലാമേളയെ ഒരു വന്‍വിജയമാക്കുവാന്‍ എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു. ഒപ്പം കഴിഞ്ഞ വര്‍ഷം മിഡ്‌ലാന്റ്‌സില്‍ നടന്ന കലാമേളയില്‍ പിടിച്ചെടുത്ത വിജയകിരീടം നിലനിര്‍ത്തുന്നതിനുള്ള തീവ്രശ്രമത്തിലുമാണ് റീജണില്‍ നിന്നുള്ള ദേശീയ നേതാക്കളും റീജണല്‍ ഭാരവാഹികളും. പ്രമുഖ അസോസിേേയഷനുകളെല്ലാം വാശിയോടെ മത്സരിച്ച റീജണല്‍ കലാമേളയില്‍ നിന്നും വിജയികളായി കരുത്ത് തെളിയിക്കാന്‍ കേംബ്രിഡ്ജ്, നോര്‍വിച്ച്, ബാസില്‍ഡല്‍, ഇപ്?സ്വിച്ച്, സൗത്തെന്റ്, ബെഡ്‌ഫോര്‍ഡ് എന്നീ അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിഭകള്‍ ദേശീയ കലോത്സവ വേദിയില്‍ മാറ്റുരയ്ക്കാനെത്തുമ്പോള്‍ ഈസ്റ്റ് ആംഗ്ലിയയിലെ അംഗ അസോസിയേഷനുകളില്‍ നിന്നും ഇവരെ പ്രോത്സാഹിപ്പിക്കാനായി നൂറുകണക്കിന് ആളുകള്‍ എത്തിച്ചേരുമെന്നുള്ളത് ഉറപ്പാണ്. വീണ്ടും ഈസ്റ്റ് ആംഗ്ലിയ റീജണിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുന്ന ദേശീയ കലാമേളയില്‍ മത്സരിക്കുന്നതിനും കാണികളായും വലിയ ജനപങ്കാളിത്തമാവും ഹണ്ടിംഗ്ടണിലുണ്ടാവുന്നത്.
നാഷണല്‍ കലാമേള നടക്കുന്ന വേദിയുടെ വിലാസം:
MSV NAGAR ST IVO SECONDARY SCHOOL
HIGH LEYS ST IVES HUNTINGDON SHIRE
PE27 6 RR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല