വാഷിംങ്ടണ്‍: ശാസ്ത്രസമൂഹത്തിന് ഏറെ ആശങ്ക സൃഷ്ടിച്ചേക്കാവുന്ന സൗര കൊടുങ്കാറ്റ് എന്ന പ്രതിഭാസത്തെ കരുതലോടെ വീക്ഷിക്കണമെന്ന് നിര്‍ദേശം. ശക്തമായ മുന്‍കരുതലെടുത്തില്ലെങ്കില്‍ ഭൂമിക്ക് വന്‍ അപകടം വരുത്താന്‍ ഈ പ്രതിഭാസത്തിന് കഴിഞ്ഞേക്കുമെന്നാണ് സൂചന.
സൂര്യന്റെ ഉപരിതലത്തില്‍ ചില പ്രത്യേക തരംഗങ്ങള്‍ സൃഷ്ടിക്കുന്ന അതിവേഗത്തിലുള്ള ചലനമാണ് ഈ പ്രതിഭാസത്തിന് കാരണം. ഉയര്‍ന്ന ചാര്‍ജ്ജുള്ള നിരവധി തരംഗങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ഇത് അന്തരീക്ഷത്തിലേക്ക് ഉല്‍സര്‍ജ്ജനം ചെയ്യപ്പെടുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള തരംഗങ്ങള്‍ ഭൂമിയിലെത്തിയാല്‍ അത് അപകടകരമായ പല പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്. 2013ല്‍ ഉണ്ടാവുന്ന ഈ സൗരകൊടുങ്കാറ്റിന് സാധാരണ ഫോണ്‍ബന്ധം മുതല്‍ പവര്‍ സ്‌റ്റേഷനുകള്‍ വരെ തകര്‍ക്കാന്‍ സാധിക്കുമെന്നാണ് യു.എസിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫിയര്‍ അഡ്മിനിഷ്ട്രേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി കാത്രിന്‍ സുല്ലിവാന്‍ പറയുന്നത്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മനുഷ്യന്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങളും, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനും, ദിശമനസിലാക്കാനുള്ള സംവിധാനങ്ങള്‍ക്കും, വൈദ്യുത സംപ്രേഷണ ഉപകരണങ്ങള്‍ക്കും ഈ സൗരകൊടുങ്കാറ്റ് ഭീഷണിയാണെന്നും അവര്‍ പറഞ്ഞു. കംപ്യൂട്ടര്‍ വലയങ്ങളെ പൂര്‍ണമായോ ഭാഗികമായോ തകര്‍ക്കാന്‍ സാധിക്കുന്ന കണികകള്‍ സൗരകൊടുങ്കാറ്റ് പുറത്തുവിടും.വാര്‍ത്താവിനിമയ സംവിധാനവും ഉപഗ്രഹ സംവിധാനങ്ങളും എല്ലാം സൗരകൊടുങ്കാറ്റിനു ശേഷം തകിടം മറിയാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
1984ല്‍ ബഹിരാകാശ സഞ്ചാരം നടത്തിയ സുല്ലിവാന്‍ നാസയിലെ മുന്‍ ഭൗമശാസ്ത്രജ്ഞയാണ്. സൗരകൊടുങ്കാറ്റുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും ശാസ്ത്രജ്ഞര്‍ ആശങ്ക അറിയിച്ചിരുന്നു. 1859ലായിരുന്നു ഇത്തരമൊരു പ്രതിഭാസം ഉണ്ടായത്. എന്നാല്‍ അന്ന് പ്രതീക്ഷിച്ച അപകടമൊന്നും ഉണ്ടായിരുന്നില്ല.
സൂര്യന്റെ ഉപരിതലത്തിലുണ്ടാവുന്ന ചില തരംഗവികിരണങ്ങളുടെ ഫലമായി പുറത്തുവരുന്ന കണികകള്‍ കംപ്യൂട്ടറുകളെ ബന്ധിപ്പിക്കാനുപയോഗിക്കുന്ന സാറ്റലൈറ്റ് സിസ്റ്റത്തെയും, വ്യോമദിശമനസിലാക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളെയും, ഫോണ്‍ നെറ്റ് വര്‍ക്കുകളെയും തകര്‍ക്കും. ശക്തമായ കൊടുങ്കാറ്റാണുണ്ടാവുന്നതെങ്കില്‍ അത് സ്‌റ്റോക്ക് മാര്‍ക്കറ്റുകളെ തകര്‍ക്കുകയും, ആഴ്ചകളും ചിലപ്പോള്‍ മാസങ്ങളും നീണ്ട വൈദ്യുത വിച്ഛേദനത്തിനും കാരണമാകും. 11-12 വര്‍ഷത്തിനുള്ളില്‍ സൂര്യന്‍ ഏറ്റവും ശക്തനാകുന്ന സമയമായതിനാല്‍ നശീകരണത്തിന്റെ സാധ്യത വര്‍ധിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല