1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2017

യൂറോപ്പിലാദ്യമായി നടത്തപ്പെട്ട 2017 ജൂലൈ മാസം നടന്ന പ്രഥമ വള്ളംകളി? ഇതാ വള്ളംകളി പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് 2018ലും നടക്കുവാന്‍ പോകുന്നു. എല്ലാ വിഭാഗത്തില്‍പ്പെട്ട മലയാളികള്‍ക്കും ആഘോഷിക്കുന്നതിനുള്ള അവസരം എന്ന നിലയില്‍ ശ്രദ്ധേയമായ പ്രഥമ വള്ളംകളി മത്സരത്തിന്റെയും കാര്‍ണിവലിന്റെയും തുടര്‍ച്ചയെന്ന നിലയിലാണ് അടുത്ത വര്‍ഷത്തെ പരിപാടികളും ഒരുങ്ങുന്നത്. 2018 ജൂണ്‍ 30 ശനിയാഴ്ച്ച വള്ളംകളി മത്സരവും അനുബന്ധ പരിപാടികളും അരങ്ങേറുമെന്ന് കേരളാ ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചു. ലണ്ടനിലെ ടാജ് ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത വര്‍ഷത്തെ പരിപാടിയുടെ ലോഗോ അദ്ദേഹം കേരളാ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു ഐ.എ.എസ് നു നല്‍കി പ്രകാശനം ചെയ്തു. ‘കേരളാ പൂരം’ എന്ന പേരിലാവും അടുത്ത വര്‍ഷം മുതല്‍ വള്ളംകളിയും അനുബന്ധ പരിപാടികളും സംഘടിപ്പിക്കപ്പെടുന്നത്. കേരളാ ടൂറിസം ഡയറക്ടര്‍ ശ്രീ. പി. ബാലകിരണ്‍ ഐ.എ.എസ് സന്നിഹിതനായിരുന്നു.

യുക്?മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ്, ബോട്ട് റേസ് ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍, ടീം മാനേജ്‌മെന്റ് കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി, നഴ്?സസ് ഫോറം അഡ്വൈസര്‍ എബ്രാഹം ജോസ് എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രിയെയും ഉദ്യോഗസ്ഥരെയും യുക്?മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ വള്ളംകളിയുടെ വിശദവിവരങ്ങള്‍ ബോധ്യപ്പെടുത്തിയത്. യു.കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പിന്തുണയോടെ സംഘടിപ്പിച്ച പ്രഥമ വള്ളംകളി മത്സരവും കാര്‍ണിവലും ഉള്‍പ്പെടെയുള്ള പരിപാടി വന്‍വിജയമായിരുന്നുവെന്നത് ഏറെ സന്തോഷകരമാണെന്ന് ടൂറിസം മന്ത്രി അറിയിച്ചു. ആദ്യസംരംഭത്തിന് നല്‍കിയതു പോലെ വരും വര്‍ഷങ്ങളിലും കേരളാ ടൂറിസത്തിന്റെ എല്ലാ വിധ പിന്തുണയും യുക്?മയുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിന് നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു.

2017 ജൂലൈ മാസം സംഘടിപ്പിച്ച പ്രഥമ വള്ളംകളി മത്സരത്തിന് എത്തിച്ചേര്‍ന്നത് 22 ടീമുകളായിരുന്നു. വൂസ്റ്റര്‍ തെമ്മാടീസ് ടീം തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനാണ് ജേതാക്കളായത്. വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്റെ മഹത്തായ പൈതൃകം വിളിച്ചോതുന്ന പരമ്പരാഗത കലാരൂപങ്ങളും നൃത്ത ഇനങ്ങളുമെല്ലാം ഉള്‍പ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളും ഒരുക്കിയിരുന്നു. കൂടാതെ കേരളത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് വ്യക്തമാക്കുന്നതിന് കേരളീയ തനിമയോട് കൂടിയ വിവിധ മേഖലയില്‍ നിന്നുള്ള സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചു. യു.കെ മലയാളികള്‍ ഇതുവരെ സംഘടിപ്പിച്ചിട്ടുള്ള ഏറ്റവും ബൃഹത്തായ ഒരു സംരംഭം എന്ന നിലയിലാണ് ഈ പരിപാടി ശ്രദ്ധേയമായത്. സംസ്ഥാനത്തെ സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരിലൊരാളായ ഡോ. വി വേണു (ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) പ്രത്യേക താത്പര്യമെടുക്കുകയും പരിപാടിയുടെ ഓരോ ഘട്ടത്തിലും വിജയകരമായ നടത്തിപ്പിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം അദ്ദേഹം നല്‍കുകയും ചെയ്തു.

കേരള സംസ്ഥാനത്തിന്റെ ടൂറിസം പ്രമോഷന്‍, കുടിയേറ്റക്കാരും തദ്ദേശീയരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, കേരളീയ സംസ്‌ക്കാരവും, കലാകായിക പാരമ്പര്യവും, ഭക്ഷണവൈവിധ്യവുമെല്ലാം ബ്രിട്ടണിലെ ഉള്‍പ്രദേശങ്ങളില്‍ പോലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് യുക്മ ഈ ബൃഹത്തായ പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത്. ഈ പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള യു.കെയിലെ എല്ലാ മലയാളികളേയും സംഘാടകരംഗത്ത് യുക്മ ഉള്‍പ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം നടത്തിയതില്‍ കൂടുതല്‍ വിപുലമായ രീതിയില്‍ ‘കേരളാ പൂരം 2018’ എന്ന് പേരിട്ടിരിക്കുന്ന വള്ളംകളി മത്സരവും കാര്‍ണിവലുമാവും 2018ല്‍ സംഘടിപ്പിക്കുവാന്‍ യുക്?മ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു. ഇത് സംബന്ധിച്ച സ്വാഗതസംഘം ഉടന്‍ തന്നെ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.