സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമായാണ് മെറ്റ്‌ഗാല വിശേഷിപ്പിക്കപ്പെടുന്നത്. ലോകമെങ്ങുമുള്ള ഡിസൈനർമാരുടെ ഏറ്റവും പുതിയ ഡിസൈനുകളിലായിരിക്കും മെറ്റ്‌ഗാലയിൽ താരങ്ങൾ നിറയുക. ബോളിവുഡിൽ നിന്നുള്ള പല സുന്ദരികളും ഇന്ത്യയെ പ്രതിനിധീകരിച്ച് മെറ്റ്‌ഗാലയിൽ മുൻപും പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തവണ ഫാഷൻലോകത്തെ ‘ഓസ്കർ’ എന്നറിയപ്പെടുന്ന മെറ്റ് ഗാലയിൽ ഇന്ത്യയുടെ പ്രതിനിധിയായി എത്തിയത് ഒരേയൊരു വനിത മാത്രമാണ്. സുധാറെഡ്ഡി.
ഹൈദരാബാദ് ആസ്ഥാനമായുള്ള ബിസിനസ്സ് തലവൻ മേഘാ കൃഷ്ണ റെഡ്ഡിയുടെ പത്നിയാണ് സുധാ റെഡ്ഡി.പ്രശസ്ത ഡിസൈനർമാരായ ഫാൽഗുനി- ഷെയ്ൻ പീകോക്ക് സഖ്യത്തിന്റെ ഗൗൺ ധരിച്ചായിരുന്നു സുധാറെഡ്ഡി കാർപെറ്റിൽ അരങ്ങേറ്റം നടത്തിയത്.ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ ശ്രദ്ധേയായ സുധാ റെഡ്ഡി കലാ- ഫാഷൻ മേഖലകളിലും തന്റെ അഭിരുചി തുറന്നുപറഞ്ഞിട്ടുണ്ട്.
ഇതിന് മുൻപ് പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, ഇഷ അംബാനി തുടങ്ങിയവർ മെറ്റ്ഗാലയിൽ പങ്കെടുത്തിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്നല്ലാതെയുള്ള വ്യക്തി എന്ന നിലയിൽ സുധയുടെ റെഡ് കാർപ്പെട്ട് പ്രവേശനം വ്യത്യസ്‌തമാണ്. എല്ലാ വർഷവും തീമിനനുസരിച്ച് കോസ്റ്റ്യൂം ധരിച്ചാണ് താരങ്ങൾ മെറ്റ് ഗാലയിൽ പങ്കെടുക്കാൻ എത്തുന്നത്. ഈ വർഷം ‘അമേരിക്കൻ ഇൻഡിപെൻഡൻസ്‘ എന്ന തീമിലായിരുന്നു താരങ്ങൾ മെറ്റ്‌ഗാലയിലെത്തിയത്.
അതിനിടെ മെറ്റ് ഗാലയിൽ നിന്നുള്ള ഒരു ഭക്ഷണത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ചൂടൻ ചർച്ചയാഇ. കോടികൾ പൊടിച്ചു നടത്തിയ ചടങ്ങിൽ നിന്നുള്ള ഭക്ഷണത്തിന്റെ ചിത്രം കണ്ടു ഞെട്ടിയിരിക്കുകയാണ് പലരും. അമേരിക്കൻ നടിയും ഗായികയുമായ കികി പാൽമെർ ആണ് മെറ്റ് ഗാലയിൽ നിന്നുള്ള ഭക്ഷണത്തിന്റെ ചിത്രം പങ്കുവെച്ചത്. സുസ്ഥിരമായ പ്ലാന്റ് അധിഷ്ഠിതമായ ഭക്ഷണങ്ങൾ ആയിരുന്നു മെനുവിൽ ഉണ്ടായിരുന്നത്.
പക്ഷേ പാൽമെർ പങ്കുവെച്ച ചിത്രം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയാണുണ്ടായത്. അൽപം കൂണും ബാർലിയും ചോളവും തക്കാളി സാലഡും കുക്കുമ്പറും മാത്രമാണ് പാത്രത്തിൽ കാണുന്നത്. ഒപ്പം രസകരമായൊരു ക്യാപ്ഷനും പാൽമെർ കുറിക്കുകയുണ്ടായി. ഇതുകൊണ്ടാണ് അവർ നിങ്ങളെ ഭക്ഷണം കാണിക്കാത്തത് എന്നാണ് പാൽമെർ കുറിച്ചത്. ആഡംബരപൂർണമായി നടത്തുന്ന ഇത്തരമൊരു പരിപാടിയിൽ കൊടുക്കുന്ന ഭക്ഷണത്തിന്റെ നിലവാരത്തെ ചോദ്യം ചെയ്താണ് പലരും ചിത്രം പങ്കുവെച്ചത്.
അമേരിക്ക തീമായിട്ടുള്ള മെറ്റ് ഗാലയിൽ അമേരിക്കൻ ഭക്ഷണത്തോട് സാമ്യമില്ലാത്ത മെനു വിളമ്പിയതിനെ ചോദ്യം ചെയ്യുന്നവരുമുണ്ട്. മെറ്റ് ഗാലയിലേക്കുള്ള ടിക്കറ്റ് നിരക്ക് 30,000 യുഎസ് ഡോളർ(ഇരുപത്തിരണ്ടു ലക്ഷത്തോളം) ആണെന്നിരിക്കേ കൊടുക്കുന്ന ഭക്ഷണവും നിലവാരത്തിലുള്ളതാകണമായിരുന്നു എന്നു കമന്റ് ചെയ്യുന്നവരുമുണ്ട്. വിവാദം കൊഴുത്തതോടെ മെറ്റ് ഗാലാ മെനു തയ്യാറാക്കിയ ഷെഫ് മാർകസ് സാമുവൽസൺ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു.
ഭക്ഷണത്തിൽ പ്രധാനം രുചിക്കാണെന്നും മെറ്റ്ഗാലയിലെ മെനു സ്വാദിഷ്ടമാണ് എന്നുമാണ് മാർകസ് പ്രതികരിച്ചത്. ഇതിനുപുറമേ സ്റ്റാർട്ടറും ഡിസേർട്ടും ഉണ്ടായിരുന്നുവെന്നു പറഞ്ഞ മാർകസ് തനിക്ക് ലഭിച്ച പ്രതികരണങ്ങളെല്ലാം ഭക്ഷണത്തെ അഭിനന്ദിച്ചുള്ളതാണെന്നും മാർകസ് കൂട്ടിച്ചേർത്തു.
മോഡലും നടിയുമായ കിം കർദാഷിയാൻ മുഖമുള്‍പ്പടെ മറയ്ക്കുന്ന കറുത്ത വസ്ത്രം ധരിച്ചാണ് മെറ്റ്ഗാല റെഡ് കാര്‍പ്പറ്റില്‍ എത്തിയത്. പാരിസ് ആസ്ഥാനമായ പ്രമുഖ ഫാഷന്‍ ബ്രാന്‍ഡിന്റെ ക്രിയേറ്റീവ് ഡയറക്ടറായ ഡെമ്‌ന വാസാലിയ ആണ് കിമ്മിനു വേണ്ടി കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തു നല്‍കിയത്. ബോഡി സ്യൂട്ടിനൊപ്പം കറുത്ത ടീഷര്‍ട്ടും ധരിച്ച കിം പോണി ടെയ്ല്‍ ഹെയര്‍ സ്റ്റൈലും കറുത്ത ഹീല്‍സും പരീക്ഷിച്ചിട്ടുണ്ട്.
കിമ്മിന്റെ പുതിയ ലുക്ക് ഫാഷന്‍ ലോകത്ത് നിരവധി ചര്‍ച്ചകള്‍ക്ക് വഴി മരുന്നിട്ടിട്ടുണ്ട്. എന്ത്കൊണ്ട് ഇത്തരമൊരു വേഷം എന്നതിനെക്കുറിച്ച് കിം പ്രതികരിച്ചിട്ടില്ലെങ്കിലും നിരവധി വ്യാഖ്യാനങ്ങള്‍ ഉയരുന്നുണ്ട്. കിം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനു താഴെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്.
കോവിഡിന്റെ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം റദ്ദാക്കിയ മെറ്റ്ഗാല അതീവ സുരക്ഷയിലാണ് നിലവില്‍ സംഘടിപ്പിക്കുന്നത്. വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമെ പ്രവേശനം അനുവദിക്കുന്നുള്ളൂ. മാസ്‌ക് മാറ്റരുതെന്ന് കര്‍ശന നിര്‍ദേശവും അതിഥികള്‍ക്ക് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല