1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2024

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഖത്തറിന്റെ ഔദ്യോഗിക വിമാന കമ്പനിയായ ഖത്തർ എയർവെയ്സ്‌. ഓരോ വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ റാങ്കിംഗിന് പേരുകേട്ട എയർലൈൻ റേറ്റിംഗ്സിൻ്റെ മികച്ച എയർലൈൻ അവാർഡിനാണ് ഖത്തർ എയർവെയ്സ് ഇത്തവണ അർഹമായത്.

ഈ മേഖലയിൽ പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള ജഡ്ജിമാരുടെ ഒരു പാനലാണ് റാങ്കിങ്ങിന് നേതൃത്വം നൽകിയത്. എയർലൈൻ സുരക്ഷ, ഉൽപ്പന്ന റേറ്റിംഗ്, വിമാനങ്ങളുടെ പ്രായം, ലാഭക്ഷമത, യാത്രക്കാരുടെ അവലോകനങ്ങൾ, പുതിയ പരീക്ഷണങ്ങൾ, പുതിയ എയർക്രാഫ്റ്റ് ഓർഡറുകൾ എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ കണക്കിലെടുത്താണ് ഖത്തർ എയർവെയ്സിനെ മികച്ച എയർലൈനായി തിരഞ്ഞെടുത്തിരിക്കുന്നത്.

പല വിഭാഗങ്ങളിലും എതിരാളികളെക്കാൾ മികച്ച സ്കോർ നേടിയാണ് ഖത്തർ എയർവെയ്സ് ഒന്നാമത് എത്തിയത്. പ്രത്യേകിച്ചും, വിവിധ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ മികച്ച അഭിപ്രായത്തിന്റെ കാര്യത്തിൽ. ഖത്തർ എയർവേയ്‌സ് സേവനങ്ങളുടെ മികവിനെയും സ്ഥിരതയെയും യാത്രക്കാർ മടിയില്ലാതെ പ്രശംസിച്ചത് ഇക്കാര്യത്തിൽ നിർണായകമായി.

2024-ലെ എയർലൈൻ എക്‌സലൻസ് അവാർഡ് നേടിയതിനു പുറമേ, അഞ്ചാം വർഷവും മികച്ച ബിസിനസ് ക്ലാസായി ഖത്തർ എയർവേയ്‌സ് തെരഞ്ഞെടുക്കപ്പെട്ടു. എയർലൈൻ റേറ്റിംഗ്‌ സ്ഥാപനമായ സ്കൈ ട്രാക്സ് 2023-ൽ ഖത്തർ എയർവെയ്സി നെ ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയായി പത്താമത്തെ തവണയും തെരഞ്ഞെടുത്തിരുന്നു. ആഢംബര പൂർണ്ണമായ യാത്രാ സൗകര്യങ്ങളോടുകൂടിയ ഖത്തർ എയർവേയ്‌സിൻ്റെ ക്യു ന്യൂട്ടാണ് അതിനെ പുതിയ നേട്ടത്തിന് അർഹമാക്കിയ മറ്റൊരു ഘടകം.

അതിൻ്റെ പുതിയ A350-കളിലും തെരഞ്ഞെടുക്കപ്പെട്ട ബോയിംഗ് 777-കളിലും ക്യു സ്യൂട്ട് സൗകര്യം ലഭ്യമാണ്. പ്രത്യേക വാതിലുകൾ, വിശാലമായ ഉൾഭാഗം, നാല് സ്യൂട്ടുകൾ സംയോജിപ്പിച്ച് ഒരു മുറിയാക്കി മാറ്റാനുള്ള സൗകര്യം എന്നിവയ്‌ക്കൊപ്പം, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് വാഗ്ദാനം ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച ബാർ സൗകര്യവും ഇതിൻ്റെ സവിശേഷതയാണ്.

കഴിഞ്ഞ വർഷത്തെ ജേതാവായ എയർ ന്യൂസിലാൻഡ്, 2024 ലെ റാങ്കിംഗിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഖത്തർ എയർവെയ്സ് ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം നാലാം സ്ഥാനത്തായിരുന്ന കൊറിയൻ എയർ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ വർഷം ഒമ്പതാം സ്ഥാനത്തായിരുന്ന ഹോങ്കോങ്ങിൻ്റെ കാതേ പസഫിക് ആണ് വെങ്കല മെഡൽ സ്ഥാനത്ത്. പാൻഡെമിക് അടച്ചുപൂട്ടലിന് ശേഷം അവസാനമായി സർവീസ് പുനരാരംഭിച്ച വിമാന കമ്പനികളിൽ ഒന്നാണിത്.

ഖത്തർ എയർവേസ്, കൊറിയൻ എയർ, കാത്തേ പസഫിക്, എയർ ന്യൂസിലാൻഡ്, എമിറേറ്റ്സ് എയർ, ഫ്രാൻസ്-കെഎൽഎം ഓൾ നിപ്പോൺ എയർവേസ്, ഇത്തിഹാദ് എയർവേസ്, ക്വന്താസ് എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.