സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാർക്ക് വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള ആവേശം വോട്ടുചെയ്യുന്നതിലില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. 2024-ലെ കണക്കുപ്രകാരം പ്രവാസിവോട്ടർമാരിലും വോട്ടുചെയ്യാനെത്തിയവരിലും ഭൂരിഭാഗവും മലയാളികളാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു.
ഇക്കൊല്ലം രജിസ്റ്റർചെയ്ത ആകെ പ്രവാസിവോട്ടർമാരുടെ എണ്ണം 1,19,374 ആണ്. അതിൽ 75 ശതമാനവും (89,839) മലയാളികൾ. ലോക്‌സഭയിലേക്ക് വോട്ടുചെയ്യാനെത്തിയതാകട്ടെ 2958 പേരും. ഇതിൽ 2670 പേർ കേരളത്തിൽനിന്നുള്ളവരാണ്.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 19,500 പേരാണ് കൂടുതലായി ഇത്തവണ രജിസ്റ്റർചെയ്തത്. കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട്, അസം, ബിഹാർ, ഗോവ എന്നിവിടങ്ങളിൽ ഒരു പ്രവാസിപോലും വോട്ടുരേഖപ്പെടുത്തിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാടായ ഗുജറാത്തിലെ 885 പ്രവാസികളിൽ രണ്ടുപേർ മാത്രമാണ് ലോക്‌സഭയിലേക്ക് വോട്ടുചെയ്തത്.
പ്രവാസി ഇന്ത്യക്കാർക്ക് പ്രോക്സി വോട്ടിന് സൗകര്യമൊരുക്കാൻ 2018-ൽ ലോക്‌സഭയിൽ ബില്ല് പാസാക്കിയിരുന്നു. എന്നാൽ അത് രാജ്യസഭയിലെത്തിയില്ല. ഇലക്‌ട്രോണിക് തപാൽവോട്ട് സംവിധാനം ഏർപ്പെടുത്താൻ 2020-ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചെങ്കിലും അതിനുള്ള ചട്ടം തയ്യാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല