സ്വന്തം ലേഖകൻ: പുതുവര്‍ഷത്തില്‍ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട്, റെയില്‍ സര്‍വ്വീസുകള്‍ക്ക് നിരക്ക് വര്‍ധിക്കുന്നു. മാര്‍ച്ച് മുതല്‍ പണപ്പെരുപ്പത്തെ മറികടന്നുള്ള വര്‍ദ്ധനവ് നടപ്പാക്കാനാണ് ലണ്ടന്‍ മേയറുടെ തീരുമാനം. 4.6 % നിരക്ക് വര്‍ദ്ധനയാണ് യാത്രക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ബസ്, ട്രാം നിരക്കുകള്‍ മരവിപ്പിച്ച് നിര്‍ത്തുന്നത് തുടരും. നിരക്ക് വര്‍ധന മന്ത്രിമാര്‍ അടിച്ചേല്‍പ്പിച്ചതെന്ന് മേയര്‍ സാദിഖ് ഖാന്‍ കുറ്റപ്പെടുത്തുന്നു.
സുപ്രധാന ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ടുകള്‍ക്കായി നാഷണല്‍ ഫണ്ടിംഗ് കണ്ടെത്തണമെന്ന മന്ത്രിമാരുടെ നിലപാടാണ് ഇരട്ടി വര്‍ധനയിലേക്ക് തങ്ങളെ നിര്‍ബന്ധിച്ച് എത്തിച്ചതെന്നാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്റെ ന്യായീകരണം.
ഗവണ്‍മെന്റ് ബജറ്റിന് ശേഷം ഭാവിയില്‍ സുപ്രധാന നാഷണല്‍ ഫണ്ടിംഗ് ലഭിക്കാനായി ടിഎഫ്എല്‍ ട്യൂബ്, റെയില്‍ നിരക്കുകള്‍ ദേശീയ റെയില്‍ നിരക്കിനൊപ്പം വര്‍ദ്ധിപ്പിക്കാതെ തരമില്ലെന്നാണ് ഖാന്‍ പറയുന്നത്. ദേശീയ ഫണ്ടിംഗ് ഭാവി പ്രൊജക്ടുകള്‍ പുരോഗമിക്കാന്‍ സുപ്രധാനമാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് ദൈനംദിന നിരക്ക് ക്യാപ്പ് 40 പെന്‍സ് മുതല്‍ 70 പെന്‍സ് വരെയാണ് വര്‍ദ്ധിക്കുക. ബസ്, ട്രാം നിരക്കുകള്‍ ഒരു മണിക്കൂറിനകം നടത്തുന്ന യാത്രകള്‍ക്ക് 1.75 പൗണ്ടിലും ക്യാപ്പ് ചെയ്യപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല