സ്വന്തം ലേഖകൻ: 2026 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ നടക്കുമെന്ന് ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ. ന്യൂ ജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയമാണ് ഫൈനലിന് വേദിയാവുകയെന്ന് ഫിഫ വ്യക്തമാക്കി. ജൂലൈ 19-നാണ് ഫൈനല്‍. 48 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിന് യുഎസ്എ, കാനഡ, മെക്‌സിക്കോ രാജ്യങ്ങളാണ് ആതിഥ്യം വഹിക്കുന്നത്.
ലോകകപ്പിലെ ആദ്യ മത്സരം ജൂണ്‍ 11-ന് മെക്‌സിക്കോയിലെ എസ്റ്റാഡിയോ അസ്‌റ്റെക്ക സ്‌റ്റേഡിയത്തില്‍ നടക്കും. മെക്‌സിക്കോ സിറ്റിയിലെ ഈ സ്‌റ്റേഡിയത്തിന് 83,000 പേരെ ഉള്‍ക്കൊള്ളിക്കാനാകും. 1966-ലാണ് സ്‌റ്റേഡിയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
മെക്‌സിക്കോ, യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിലെ 16 നഗരങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുക. അറ്റ്‌ലാന്റ, ഡല്ലാസ് എന്നിവിടങ്ങില്‍ സെമി ഫൈനലുകള്‍ നടക്കും. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തിന് മിയാമി വേദിയാകും. ആതിഥേയരാജ്യങ്ങളായ അമേരിക്കയുടെ ആദ്യ മത്സരം ലോസ് ആഞ്ജലീസിലും കാനഡയുടെ ആദ്യ മത്സരം ടൊറന്റോയിലും നടക്കും.
ലോകകപ്പ് ഫൈനല്‍ നടക്കുന്ന ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്‌റ്റേഡിയത്തില്‍ 82,500 പേരെ ഉള്‍ക്കൊള്ളിക്കാനാകും. 2010-ലാണ് സ്റ്റേഡിയം തുറന്നത്. നിലവില്‍ എന്‍എഫ്എല്‍ മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്നുണ്ട്. 2016-ല്‍ നടന്ന കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റ് ഫൈനലിന് വേദിയായത് ഇതേ സ്റ്റേഡിയമാണ്. അന്ന് മെസ്സിയുടെ അര്‍ജന്റീനയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ചിലിയാണ് കിരീടത്തില്‍ മുത്തമിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല