സ്വന്തം ലേഖകൻ: ആറു ഗള്‍ഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന 2,217 കിലോമീറ്റര്‍ ജിസിസി റെയില്‍വേയുടെ കുവൈത്തിലെ ഭാഗം 2030ഓടെ പൂര്‍ത്തിയാകും. ഇതിന്റെ ചുമതലക്കാരായ പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്സ് ആന്‍ഡ് ട്രാന്സ്പോര്ട്ടേഷന് (പാര്‍ട്ട്) ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ഉസൈമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്ത് മുതല്‍ സൗദിയിലെ ദമാം വരെയും അവിടെ നിന്ന് ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്കും നീളുന്നതാണ് ജിസിസി റെയില്‍വേയുടെ ഒരു ഭാഗം. മറ്റൊരു ഭാഗം സൗദി അറേബ്യയില്‍ നിന്ന് അബുദാബി, അല്‍ ഐന്‍, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് നീളുന്നതാണ്.
മേഖലയിലെ ജനങ്ങളുടെ യാത്രയും ചരക്കുനീക്കവും കൂടുതല്‍ സുഗമമാക്കാന്‍ ഉതകുന്ന ജിസിസി റെയില്‍വേയുടെ കുവൈത്തിലെ ആദ്യ ഭാഗം തെക്കന്‍ കുവൈത്തിലെ അതിര്‍ത്തി പട്ടണമായ അല്‍ നുവൈസീബ് മുതല്‍ അല്‍ ഷെദാദിയ്യ വരെ നീളുന്നതാണ്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഇതു വഴിയുള്ള ട്രെയിന്‍യാത്ര. ജിസിസി റെയില്‍വേ യാഥാര്‍ഥ്യമാവുന്നതോടെ മേഖലയിലെ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ ഹബ്ബായി മാറാന്‍ കുവൈത്തിനാവുമെന്നാണ് വിലയിരുത്തല്‍.
ഗള്‍ഫ് മേഖലയുടെ തന്ത്രപ്രധാനമായ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കുവൈത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഇത് വലിയ മുതല്‍ക്കൂട്ടാവുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ആറ് ജിസിസി രാജ്യങ്ങള്‍ക്കു പുറമെ, ജോര്‍ദാന്‍, ഇറാഖ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്കു കൂടി ഭീവിയില്‍ വ്യാപിപ്പിക്കാന്‍ പാകത്തിലാണ് ജിസിസി റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുന്നത്.
2009ല്‍ ബഹ്റൈനില്‍ നടന്ന ജിസിസി ഉച്ചകോടിയിലാണ് ആറ് ജിസിസി അംഗരാജ്യങ്ങളെ റെയില്‍വേ ശൃംഖല വഴി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിസിസി റെയില്‍വേയെ കുറിച്ചുള്ള ചര്‍ച്ച ആദ്യമായി ഉയര്‍ന്നുവന്നത്. ജിസിസി രാജ്യങ്ങള്‍ക്കിടയിലെ വ്യാപാര ഏകീകരണമെന്ന ലക്ഷ്യം സാക്ഷാല്ക്കരിക്കുന്നതിനായി മേഖലയിലെ വാണിജ്യം, പൗരന്മാരുടെ സഞ്ചാരം, സംയുക്ത സംരംഭങ്ങളെ പിന്തുണയ്ക്കല് എന്നിവ സുഗമമാക്കുകയാണ് ലക്ഷ്യം.
റോഡ് നിര്‍മാണത്തിനും നവീകരണത്തിനുമുള്ള ചെലവുകള്‍ കുറയ്ക്കാനും കാറുകളും ട്രക്കുകളും കുറയുന്നതിനനുസരിച്ച് എണ്ണ ഉപയോഗം കറയ്ക്കാനും അതുവഴി പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനും സാധിക്കുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. ജിസിസി റെയില്‍വേ മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും റെയില്‍ ശൃംഖല കടന്നുപോകുന്ന ഇടങ്ങളില്‍ പുതിയ നഗരപ്രദേശങ്ങള്‍ നിര്‍മിക്കാനും അവസരമൊരുങ്ങുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.
കുവൈത്തില്‍ ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തി പദ്ധതി നടപ്പാക്കുന്നതിന് അതോറിറ്റി ഫോര്‍ പാര്‍ട്ണര്‍ഷിപ്പ് പ്രൊജക്ട്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ‘പാര്‍ട്ട്’ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ഉസൈമി പറഞ്ഞു. പദ്ധതിക്കായി 2012ല്‍ സാധ്യതാ പഠനം നടത്തുകയും 2016ല്‍ അത് പുതുക്കുകയും ചെയ്തു. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാണ് റെയില്‍വേ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായുള്ള ഡിസൈന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് നിരവധി അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ രംഗത്ത് വന്നിരുന്നു.
ഇവരുടെ ടെണ്ടറുകള്‍ പരിശോധിച്ച് അവ സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ പബ്ലിക് ടെന്‍ഡറുകള്‍ക്ക് കൈമാറിയെന്നും ഖാലിദ് അല്‍ ഉസൈമി വ്യക്തമാക്കി. ടെണ്ടറുകള്‍ പരിശോധിക്കുന്നതിന് 12 മാസമെടുക്കുമെന്നാണ് കരുതുന്നത്. അതിനുശേഷം പദ്ധതിയുടെ നടത്തിപ്പിനായി അതോറിറ്റി തുടര്‍ നടപടികളുമായി മുന്നോട്ട് കൊണ്ടുപോകും. കരാര്‍ ഏറ്റെടുക്കുന്ന കമ്പനിക്ക് പദ്ധതി പൂര്‍ത്തിയാക്കാന്‍ 30 മാസം സമയമാണ് അനുവദിക്കുക.
മറ്റ് ജിസിസി രാജ്യങ്ങളിലെ റെയില്‍വേ പ്രവൃത്തികളുടെ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. യുഎഇയില്‍, സൗദി അറേബ്യയുടെ അതിര്‍ത്തികള്‍ വരെയുള്ള റെയില്‍വേ ശൃംഖലയുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. അബൂദാബിയെ ഒമാനുമായി ബന്ധിപ്പിക്കുന്ന 303 കിലോമീറ്റര്‍ റെയില്‍പ്പാത ഡിസൈന്‍ ചെയ്ത് നിര്‍മിക്കുന്നതിനുള്ള കരാര്‍ തങ്ങള്‍ക്ക് ലഭിച്ചതായി ഇക്കഴിഞ്ഞ ഏപ്രിലില്‍ ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് കമ്പനി പ്രഖ്യാപിച്ചിരുന്നു.
മൂന്ന് ബില്യണ്‍ ഡോളര്‍ ചെലവിലാണ് നിര്‍മാണം. അല്‍ ഹഫീത് റെയില്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ റെയില്‍വേ ശൃംഖല ജിസിസി റെയില്‍വേ ശൃംഖലയ്ക്ക് പൂരകമാണെന്നും ജിസിസി രാജ്യങ്ങളുടെ സാമ്പത്തിക സഹകരത്തിന് വലിയ സംഭാവന നല്‍കുമെന്നും യുഎഇ ഊര്‍ജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈല്‍ അല്‍ മസ്റൂയി പറഞ്ഞിരുന്നു.
ഖത്തറില്‍, ജിസിസി റെയില്‍വേയുടെ ഭാഗത്തിന്റെ ഡിസൈന്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. സൗദി അറേബ്യയുമായി ഒരു പാലം വഴിയാണ് റെയില്‍വേ ശൃംഖലയെ ബന്ധിപ്പിക്കുകയെനന് ബഹ്റൈനും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഗള്‍ഫ് റെയില്‍വേ അതോറിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഷബ്റാമി കുവൈത്ത് സന്ദര്‍ശിച്ച് രാജ്യത്തെ റെയില്‍വേയുടെ ഭാഗത്തെ എക്സിക്യൂട്ടീവ് പ്ലാനുകള്‍ പരിശോധിച്ചിരുന്നു.
കുവൈത്തിനും റിയാദിനും ഇടയില്‍ റെയില്‍വേ സ്ഥാപിക്കാന്‍ 2023 ജൂണ്‍ നാലിന് കുവൈറ്റും സൗദി അറേബ്യയും ധാരണയില്‍ എത്തിയിരുന്നു. അതിവേഗ ട്രെയിന്‍ ഏകദേശം രണ്ടര മണിക്കൂറിനുള്ളില്‍ ഇരുനഗരങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കുമെന്നാണ് കണക്കുകൂട്ടല്‍. കുവൈത്ത് – സൗദി പദ്ധതിയുടെ പഠനം ആരംഭിച്ചതായി കുവൈത്ത് അധികൃതര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇത് യാഥാര്‍ത്ഥ്യമാവുന്നതോടെ ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രയും ചരക്കുനീക്കവും കൂടുതല്‍ സുഗമമാകുമെന്നും അജിലിറ്റി സിഇഒ താരീഖ് അല്‍ സുല്‍ത്താന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല