സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ എക്കാലത്തെയും മികച്ച സൃഷ്ടികളാകാൻ തയാറെടുത്ത് ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങൾ. 5 ആതിഥേയ നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളും 9 ഫിഫ ഫാൻ ഫെസ്റ്റിവൽ വേദികളുമാണ് ലോകകപ്പിനായി ഒരുങ്ങുക. ഇതിനു പുറമെ 10 ഇടങ്ങളിലായി ടീം ബേസ് ക്യാംപുകളും സജീവമാകും.
നിലവിലുള്ളവ നവീകരിച്ചും പുതിയവ നിർമിച്ചും 15 അത്യാധുനിക സ്റ്റേഡിയങ്ങളാണ് 2034 ൽ ഫിഫ ലോകകപ്പിന്റെ വാശിയേറിയ 104 പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. രാജ്യത്തിന്റെ വാസ്തുശൈലിയുടെ അപൂർവ സൃഷ്ടികളായി ഇവ മാറുമെന്നതിൽ സംശയമില്ല. സ്റ്റേഡിയങ്ങളിൽ ചിലതിന്റെ നിർമാണവും മറ്റു ചിലതിന്റെ നവീകരണവും പുരോഗമിക്കുന്നുണ്ട്. ബാക്കിയുള്ള സ്റ്റേഡിയങ്ങൾ പ്ലാനിങ് ഘട്ടത്തിലാണ്.
ലോകോത്തര നിലവാരത്തിലുള്ള കായിക അടിസ്ഥാന സൗകര്യങ്ങളുള്ള സൗദിയിൽ 20 കായിക നഗരങ്ങൾ തന്നെയുണ്ട്. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 48 ടീമുകളെ ഉൾപ്പെടുത്തിയുളള മത്സരത്തിനാണ് സൗദി ആതിഥേയത്വം വഹിക്കുന്നത്. ഒറ്റ രാജ്യത്ത് തന്നെ 48 ടീമുകളുടെ ഫിഫ ലോകകപ്പിന് വേദിയാകുന്നുവെന്നതും സൗദി ലോകകപ്പിന്റെ പ്രത്യേകതയാണ്.
തലസ്ഥാന നഗരമായ റിയാദിന് പുറമെ ജിദ്ദ, അൽഖോബാർ, അബ, നിയോം എന്നിവിടങ്ങളിലായാണ് 48 ടീമുകളുടെ 104 മത്സരങ്ങൾ നടക്കുന്നത്. റിയാദിൽ 8, ജിദ്ദയിൽ 4, അൽകോബാറിലും അബയിലും നിയോമിലുമായി ഓരോ സ്റ്റേഡിയങ്ങൾ വീതവുമാണുള്ളത്. ഇതിനു പുറമെ അൽ ബഹ, ജസൻ, തെയ്ഫ്, അൽ മദീന, അൽ ഉല, ഉംലുജ്, തബൂക്, ഹെയ്ൽ, അൽ അഹ്സ, ബുറെയ്ദ എന്നീ 10 ആതിഥേയ കേന്ദ്രങ്ങളിലായി ടീം ബേസ് ക്യാംപുകളും സജ്ജമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല