സോള്‍ട്ട് ആന്‍ഡ് പെപ്പറിന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 22 എഫ്.കെ കൊച്ചിയില്‍ പൂര്‍ത്തിയായി. മട്ടാഞ്ചേരിയില്‍ നടന്ന ക്‌ളൈമാക്‌സ് ചിത്രീകരണത്തോടെയാണ് ചിത്രം പൂര്‍ത്തിയായത്. ഫഹദ്‌ഫാസില്‍, റിമകല്ലിംഗല്‍ എന്നിവരാണ് ക്‌ളൈമാക്‌സ് രംഗത്തില്‍ അഭിനയിച്ചത്. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളിലേക്കാണ് ആഷിക് അബു ഇത്തവണ ക്യാമറ തിരിച്ചു പിടിച്ചിരിക്കുന്നത്.
കോട്ടയത്തു നിന്നും നഴ്‌സിംഗ് പഠിക്കാനായി ബാംഗ്‌ളൂരിലെത്തുന്ന ടെസ എബ്രഹാമിനെ റിമകല്ലിങ്കല്‍ അവതരിപ്പിക്കുന്നു. സിറിള്‍ ആയാണ് നായകന്‍ ഫഹദ്‌ഫാസില്‍ എത്തുന്നത്. ഫഹദ് സ്വതന്ത്ര നായകനാവുന്ന ഈ ചിത്രം യുവതാരത്തിന്റെ കരിയറിലെ വഴിത്തിരിവായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രതാപ് പോത്തന്‍, സത്താര്‍, ടി.ജി.രവി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിലാഷ് എസ്.നായരും ശ്യാംപുഷ്‌ക്കരനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. റഫീക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് റെക്‌സ് വിജയനാണ്. ഫിലിം സുഖ്വിയുടെ ബാനറില്‍ ഓഗി നിര്‍മ്മിക്കുന്ന ചിത്രത്തിന് ഷൈജു ഖാലിദ് സിനിമട്ടോഗ്രഫി നിര്‍വഹിക്കുമ്പോള്‍ എഡിറ്റര്‍ വിവേക് ഹര്‍ഷയാണ്. ഒരിടവേളയ്‌ക്ക് ശേഷം ബാംഗ്‌ളൂര്‍ പ്രധാന ലൊക്കേഷനാക്കി ചിത്രീകരിക്കുന്ന മലയാളചിത്രം കൂടിയാണ് 22 എഫ്.കെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല