സ്വന്തം ലേഖകന്‍: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യന്‍ ജീവനക്കാരുമായി കാണാതായ എണ്ണക്കപ്പലിനായി തെരച്ചില്‍ ഊര്‍ജ്ജിതം; കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തതായി സംശയം. എണ്ണക്കപ്പല്‍ കണ്ടെത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് (ഡി.ജി.എസ്), കേന്ദ്ര ഷിപ്പിങ് മന്ത്രാലയം എന്നിവര്‍ നൈജീരിയയുടെയും പടിഞ്ഞാറെ ആഫ്രിക്കന്‍ രാജ്യമായ ബെനിന്റെയും സഹായം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. 22 ജീവനക്കാരും 52 കോടി രൂപ (8.1 മില്ല്യണ്‍ ഡോളര്‍) മൂല്യമുള്ള ഇന്ധനവുമായി പോയ എം.ടി മറൈന്‍ എക്‌സ്പ്രസ് എന്ന ചരക്കു കപ്പലാണ് ബെനിനില്‍ നിന്നും കാണാതായത്.
പനാമ രജിസ്‌ട്രേഷനുള്ള കപ്പലാണിത്. കാസര്‍കോട് ഉദുമ പെരിലവളപ്പിലെ ശ്രീഉണ്ണിയും കോഴിക്കോട് സ്വദേശിയായ ജീവനക്കാരനുമാണ് കാണാതായ കപ്പലിലുള്ള രണ്ട് മലയാളികള്‍. കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുത്തേക്കാമെന്ന അഭ്യൂഹം പ്രചരിച്ചിട്ടുണ്ട്. ജനുവരി 31നാണ് എം.ടി. മറൈന്‍ എക്‌സ്പ്രസില്‍ നിന്നുള്ള സിഗ്‌നല്‍ അവസാനമായി ലഭിച്ചത്. ആ സമയം ബെനിനിലെ കോട്ടോനോവിലായിരുന്നു കപ്പല്‍ ഉണ്ടായിരുന്നത്. അടുത്ത ദിവസം പുലര്‍ച്ചെ 2.36 ഓടെ ഉപഗ്രഹങ്ങളില്‍നിന്നും കപ്പല്‍ അപ്രത്യക്ഷമായി. 13,500 ടണ്‍ ഇന്ധനവുമായാണ് കപ്പല്‍ കാണാതായിരിക്കുന്നത്.
രാജ്യത്തുടനീളം നാവിക പരിശീലന കേന്ദ്രങ്ങളുള്ള മുംബൈയിലെ ഈസ്റ്റ് അന്ധേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുടെ ജീവനക്കാരാണ് കാണാതായ കപ്പലിലുണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും. ജീവനക്കാരുമായി ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ കപ്പലിന് എന്തുസംഭവിച്ചുവെന്ന് ഉറപ്പിക്കാനാവില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല