സ്വന്തം ലേഖകന്‍: കനത്ത മൂടല്‍മഞ്ഞില്‍ വലഞ്ഞ് അബുദാബിയിലെ ഡ്രൈവര്‍മാര്‍; ചൊവ്വാഴ്ച കൂട്ടിയിടിച്ചത് 44 വാഹനങ്ങള്‍. ദൂരക്കാഴ്ച്ച നഷ്ടമായതിനെതുടര്‍ന്ന് അബുദാബി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റില്‍ കൂട്ടിയിടച്ചത് 44 വാഹനങ്ങള്‍. ചൊവ്വാഴ്ച്ച രാവിലെയുണ്ടായ അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു.
കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് കൃത്യമായ ദൂരക്കാഴ്ച്ച ലഭിക്കാത്ത സാഹചര്യമായിരുന്നു അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. സ്ട്രീറ്റിലെ കിസാദ് പാലത്തിനടുത്ത് രാവിലെ എട്ട് മണിക്കാണ് വാഹനങ്ങള്‍ തമ്മിലിടിച്ചതെന്ന് അബുദാബി പോലീസ് അറിയിച്ചു. അപകടത്തില്‍പ്പെട്ട 18 പേരുടെ പരിക്ക് ഗുരുതരമല്ല. മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ അതീവ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് പോലീസ് ഡ്രൈവര്‍മാരോട് വ്യക്തമാക്കി.
ആളുകള്‍ ജോലിക്ക് പോകുന്ന സമയമായതിനാല്‍ നിരത്തുകളില്‍ മുഴുവന്‍ വാഹനങ്ങളുണ്ടായത് അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ എണ്ണം കൂടാന്‍ കാരണമായി. അഗ്‌നിശമന സേനയും പോലീസും സംയുക്തമായി നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് വാഹനങ്ങള്‍ നീക്കി ഗതാഗതം പുനരാരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല