സ്വന്തം ലേഖകൻ: 23-കാരനായ വത്സല്‍ ലോകബാങ്കില്‍ തന്റെ സ്വപ്‌നജോലി ലഭിക്കുന്നതിന് മുമ്പ് വിവിധ കമ്പനികളിലേക്ക് അയച്ചത് 600 ഇ മെയിലുകളും വിളിച്ചത് 80 ഫോണ്‍ കോളുകളുമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ് ഇന്നിലാണ് വത്സല്‍ തന്റെ പരിശ്രമത്തെ കുറിച്ച് പറയുന്നത്. 15000-ല്‍ അധികം പേരാണ് ഈ കുറിപ്പ് ലൈക്ക് ചെയ്തത്.
2020-ല്‍ കോവിഡ് കാലത്ത് ബിരുദം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ജോലി അന്വേഷിച്ചുള്ള യാത്ര വത്സല്‍ തുടങ്ങിയത്. ‘ഇന്ത്യയിലേക്ക് മടങ്ങുന്നത് ഒരു ഓപ്ഷന്‍ അല്ലെന്നും എന്റെ ആദ്യ ശമ്പളം ഡോളറില്‍ ആയിരിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു. ജോലി അപേക്ഷാ ഫോമുകളും ജോബ് പോര്‍ട്ടലുകളും ഞാന്‍ പൂര്‍ണമായും ഒഴിവാക്കി.
കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം മാത്രം അവശേഷിക്കെ 1500-ല്‍ അധികം കണക്ഷന്‍ അഭ്യര്‍ഥനകളും 600 ഇ-മെയിലുകളും അയച്ചു. 80 കോളുകള്‍ ചെയ്തു. എന്നാല്‍ എല്ലാം നിരസിച്ചുള്ള മറുപടിയാണ് മിക്കയിടങ്ങളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ഞാന്‍ പരിശ്രമം അവസാനിപ്പിച്ചില്ല. ലക്ഷ്യത്തിലെത്താന്‍ നിരവധി വാതിലുകളില്‍ മുട്ടി. മെയ് ആദ്യ വാരത്തോടെ നാല് ഇടങ്ങളില്‍ നിന്ന് ജോലി വാഗ്ദ്ധാനം ലഭിച്ചു.
ഇതില്‍ നിന്ന് ലോകബാങ്കിലെ ജോലി തിരഞ്ഞെടുത്തു. എന്റെ പരിശീലനം പൂര്‍ത്തിയാക്കുമ്പോള്‍ വീസ സ്‌പോണ്‍സര്‍ ചെയ്യാനും അവര്‍ തയ്യാറായി. ലോകബാങ്കിന്റെ ഡയറക്ടര്‍ ഓഫ് റിസര്‍ച്ചുമായി ഒരു മെഷീന്‍ ലേണിങ് പേപ്പറിന്റെ കോ-ഓര്‍തര്‍ഷിപും ലഭിച്ചു.’ ലിങ്ക്ഡ് ഇന്നില്‍ വത്സല്‍ പങ്കുവെയ്ക്കുന്നു.
ഡല്‍ഹി ശ്രീ റാം കോളേജ് ഓഫ് കൊമേഴ്‌സില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് വത്സല്‍ യേല്‍ സര്‍വകലാശാലയില്‍ പഠിക്കാനെത്തിയത്. സ്വപ്‌നം ഒരിക്കലും ഉപേക്ഷിക്കാതിരിക്കാനും യുവാക്കളെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് ഇങ്ങനെയൊരു കുറിപ്പ് പങ്കുവെച്ചതെന്നും വത്സല്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല