സ്വന്തം ലേഖകന്‍: 25 കോടി പൊടിച്ച് ശ്രീ ശ്രീ രവിശങ്കറുടെ ലോക സാംസ്‌കാരികോത്സവം, ചോദ്യം ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകന് വധഭീഷണി. ഡല്‍ഹിയില്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലോക സാംസ്‌ക്കാരികോത്സവത്തിനായി തങ്ങള്‍ 25 കോടി രൂപ ചെലവഴിച്ചതായി സഘടന വ്യക്തമാക്കി.
സമതലങ്ങള്‍ നികത്തല്‍, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍, തോണിപ്പാലം എന്നിവ ഉള്‍പ്പെടെ പരിപാടിയുടെ വേദി സംബന്ധിച്ച ചെലവുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഹരിത ട്രിബ്യൂണല്‍ ആരാഞ്ഞപ്പോള്‍ നല്‍കിയ മറുപടിയിലാണ് ഈ വിവരമുള്ളത്. സ്‌റ്റേജ് നിര്‍മ്മാണത്തിന് മാത്രം അഞ്ചു കോടിയും അതിന്റെ അലങ്കാര പണികള്‍ക്കായി 10 കോടിയും മുടക്കി.
പരിപാടി യമുനാനദീ തടങ്ങള്‍ക്ക് വരുത്തുന്ന ജൈവനാശഭീഷണി ചൂണ്ടിക്കാട്ടി ചില പരിസ്ഥിതി പ്രവര്‍ത്തകരാണ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. സ്വകാര്യ പരിപാടിയായിട്ടും അതിന് പാരിസ്ഥിതിക അനുമതി കിട്ടിയതും സൈന്യത്തിന്റെ സഹായം കിട്ടുന്നതും വിവാദത്തിന് തിരി കൊളുത്തിയിരുന്നു.
അതിനിടെ യമുനാ തീരത്ത് ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആര്‍ട്ട് ഓഫ് ലിവിങ് പരിപാടിക്കെതിരെ കോടതിയെ സമീപിച്ച പരിസ്ഥിതി പ്രവര്‍ത്തകനെതിരെ ഹിന്ദു മഹാസഭാ നേതാവ് ഓംജി പരസ്യമായയി വധഭീഷണി ഉയര്‍ത്തി. പരിപാടി പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടാണെന്ന് ആരോപിച്ച പരിസ്ഥിതി പ്രവര്‍ത്തകനായ വിമലേന്ദു ഝായെ ആണ് ഓംജി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
ശ്രീ ശ്രീയുടെ പരിപാടിയെ വിമര്‍ശിച്ചാല്‍ നരേന്ദ്ര ധബോല്‍ക്കറര്‍, എം.എം. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ അവസ്ഥ വരുമെന്നായിരുന്നു മുന്നറിയിപ്പ്. ചാനല്‍ ക്യാമറയ്ക്ക് മുമ്പില്‍ പരസ്യമായിട്ടായിരുന്നു ഹിന്ദു മഹാസഭ നേതാവിന്റെ ഭീഷണി. വിമലേന്ദു ഝാ പാകിസ്താന്‍ ചാരനാണെന്നും അയാള്‍ രാജ്യദ്രോഹിയാണെന്നും ഓംജി ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല