ഗവണ്‍മെന്റ് നല്‍കുന്ന ബെനിഫിറ്റുകള്‍ സ്വന്തമാക്കാന്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന മാതാപിതാക്കള്‍ ബ്രിട്ടനില്‍ ഒരുപാടുണ്ടെന്നു നമുക്കറിയാം, എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു സര്‍വ്വേ റിപ്പോര്‍ട്ടില്‍ ഉള്ളത്. റിപ്പോര്‍ട്ടില്‍ പറയുന്നത് ബ്രിട്ടനിലെ 25 ശതമാനം സ്ത്രീകളും അമ്മയാകുന്നതില്‍ നിന്നും പിന്തിരിയുന്നത് സാമ്പത്തികക്ലേശങ്ങള്‍ മൂലമാണെന്നാണ്. അമ്മയാകുകയെന്നത് ഏതൊരു സ്ത്രീയുടെയും മോഹമാണ് അഥവാ ഒരു ജൈവിക പ്രക്രിയയാണ് എന്നിരിക്കെ സാമ്പത്തിക പ്രശ്നങ്ങള്‍ കുഞ്ഞിനെ ലാളിക്കാനുള്ള സ്ത്രീകളുടെ മോഹങ്ങള്‍ക്ക് തടസമാകുന്നത് ആശങ്കാജനകം തന്നെയാണ്.
ഈ 25 ശതമാനത്തില്‍ തന്നെ 15 ശതമാനം സ്ത്രീകളും തങ്ങള്‍ക്കു കുഞ്ഞുങ്ങളേ വേണ്ട എന്ന നിലപാടാണ് എടുത്തിരിക്കുന്നത് അതേസമയം ബാക്കി 10 ശതമാനം സ്ത്രീകള്‍ അല്പകാലം കഴിഞ്ഞു മതി കുട്ടികള്‍ എന്ന ചിന്താഗതിക്കാരാണ്. സാമ്പത്തികമായി ഒരു നല്ല നിലയില്‍ എത്തട്ടെ എന്നിട്ട് മതി കുട്ടികള്‍ എന്ന് ചിന്തിക്കുന്നവരാണ് 27 ശതമാനം സ്ത്രീകളും എന്നും പഠനത്തില്‍ പറയുന്നു. റെഡ് മാഗസിന്‍ ഗര്‍ഭധാരണത്തെ കുറിച്ചുള്ള സ്ത്രീകളുടെ കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തി സ്ത്രീകളില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തലുകള്‍.
പ്രസവകാലത്ത് ലഭിച്ചിരുന്നു സഹായങ്ങള്‍ ഗവണ്‍മെന്റ് വെട്ടികുറച്ചതാണ് ഇതിനു പ്രധാന കാരണമായി കരുതപ്പെടുന്നത്. അതേസമയം ഇന്‍ വിട്രോ ഫെര്ടിലൈസേഷന്‍ വഴി അമ്മയാകുന്നതിനു ഇപ്പോള്‍ എന്‍എച്ച്എസ് ന് നല്‍കേണ്ടി വരുന്നത് 2007 ലെ കണക്ക് വെച്ച് നോക്കുമ്പോള്‍ 17 ശതമാനം അധികം പണമാണ്, അതേസമയം പല എന്‍എച്എസിലും ഈ സംവിധാനം നിലവിലില്ലതാനും. ഇതുമൂലം ഇത്തരത്തില്‍ അമ്മയാകുന്നവരുടെ എണ്ണത്തിലും വലിയ കുറവാണ് സമീപ കാലങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നിരിക്കിലും പുറം രാജ്യങ്ങളില്‍ ഐവിഎഫ് കുറഞ്ഞ ചിലവില്‍ നടത്തിക്കൊടുക്കുന്നുണ്ടെന്നിരിക്കെ ചിലര്‍ മറ്റു രാജ്യങ്ങളില്‍ പോയി അമ്മായാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമ്മയാകാന്‍ വേണ്ടി 88 ശതമാനം സ്ത്രീകളും മുന്‍കൂട്ടി പണം സ്വരൂപിച്ച് വക്കുമ്പോള്‍, 17 ശതമാനം സ്ത്രീകള്‍ കുടുംബങ്ങളെ ആശ്രയിക്കുന്നു, 13 ശതമാനം ആളുകള്‍ ഓവര്‍ ഡ്യൂട്ടിയും മറ്റും എടുത്തു പണം കണ്ടെത്തുന്നു. ചിലര്‍ കടം വാങ്ങിയും ഗര്‍ഭകാല ചെലവ് നടത്തുന്നുണ്ടത്രേ. 25000 സ്ത്രീകളില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നാണ് സ്ത്രീകള്‍ക്ക് ഒരു കുഞ്ഞിക്കാല് കാണാന്‍ സാമ്പത്തികം തടസമാകുന്നുവെന്ന ആശങ്കാജനകമായ വിവരം പുറത്ത് വന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല