സ്വന്തം ലേഖകൻ: പ്രചരണ വിഭാഗം പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് 27-കാരിയായ കരോലിൻ. 1969-ൽ റിച്ചാർഡ് നിക്സണ് കീഴിൽ 29-കാരനായ റൊണാൾഡ് സീഗ്ലറായിരുന്നു നേരത്തെ ഈ സ്ഥാനത്തിരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.
കരോലിന് നല്ല രീതിയിൽ ആശയവിനിമയം നടത്താനാകുമെന്ന് അവർ തെളിയിച്ചതാണെന്ന് ട്രംപ് പ്രസ്താവനയിറക്കി. തങ്ങളുടെ സന്ദേശങ്ങൾ അമേരിക്കൻ ജനതയ്ക്ക് കൈമാറാൻ അവർക്കാകും. തന്റെ ചരിത്രപരമായ പ്രചാരണത്തിൽ കരോലിൻ അസാധാരണമായി പ്രവർത്തിച്ചിരുന്നു എന്നും ട്രംപ് പ്രസ്താവനയിൽ പറയുന്നു.
യു.എസ് കോൺഗ്രസിലെ ന്യൂയോർക്കിൽ നിന്നുള്ള പ്രതിനിധി ഏലിസ് സ്റ്റെഫാനിക്കിനുവേണ്ടിയും കരോലിൻ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ, ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസിഡറായി ട്രംപ് നാമനിർദേശം ചെയ്ത വ്യക്തിയാണ് എലിസ് സ്റ്റെഫാനിക്ക്. തനിക്ക് വേണ്ടി കരോലിൻ ഫലപ്രദമായി പ്രവർത്തിച്ചിരുന്നുവെന്ന് എലിസും വ്യക്തമാക്കുന്നു. 2022-ൽ ന്യൂ ഹാംഷെയറിൽ നിന്ന് മത്സരിച്ചെങ്കിലും കരോലിൻ ഡെമോക്രാറ്റ് സ്ഥാനാർഥിയോട് പരാജയപ്പെടുക്കയായിരുന്നു.
ഭരണകൂടവുമായി ബന്ധപ്പെട്ട ദൈനംദിന വിവരങ്ങൾ പൊതുജനങ്ങൾക്ക് കൈമാറുകയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ ജോലി. എന്നാൽ, 2017 മുതൽ 2021 വരെയുള്ള ട്രംപിന്റെ ഭരണകാലത്ത് ഈ മാനദണ്ഡങ്ങളൊക്കെ കാറ്റിൽ പറത്തി അദ്ദേഹം സ്വന്തം വക്താവായി പ്രവർത്തിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. തന്റെ റാലികളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും അദ്ദേഹം പല ഇടപെടലുകളും അക്കാലത്ത് നടത്തി.
ആദ്യ ടേമിൽ നാല് വ്യത്യസ്ത പ്രസ് സെക്രട്ടറിമാരുണ്ടായിരുന്നു ട്രംപിന്. പ്രസ് സെക്രട്ടറിമാരും മാധ്യമങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ മൂലം പതിവ് ബ്രീഫിങ് പോലും ഒഴിവാക്കുന്ന സ്ഥിതി അന്നുണ്ടായിരുന്നു. ഇതേ വെല്ലുവിളി കാരോലിൻ എങ്ങിനെ നേരിടുമെന്നാണ് ഈ രംഗത്തെ വിദഗ്ധരും ഉറ്റുനോക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല