ശ്രീലങ്കക്കെതിരായ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് നടക്കും. ആദ്യമത്സരത്തില്‍ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് രണ്ടാം ഏകദിനത്തിനിറങ്ങുന്നത്. തുടര്‍ച്ചയായ രണ്ടാം വിജയമാണ് ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത്.
ആദ്യ മത്സരത്തില്‍ സെവാഗിന്റെയും വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും ഉജ്ജ്വല പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. കഴിഞ്ഞ അഞ്ച് ഏകദിനങ്ങളില്‍ നിന്ന് നാല് സെഞ്ച്വറി നേടിയ കോഹ്ലി മികച്ചൊരു ഇന്നിംഗ്സ് ലക്ഷ്യമിട്ടായിരിക്കും ബാറ്റേന്തുന്നത്. അതുപോലെ ദീര്‍ഘനാളത്തെ ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തിയ വെടിക്കെട്ട് ഓപ്പണര്‍ വിരേണ്ടര്‍ സെവാഗും 96 റണ്‍സ് നേടി ആദ്യ മത്സരത്തില്‍ ഉജ്ജ്വല പ്രകടനം നടത്തിയിരുന്നു. കൂടാതെ റെയ്നയും ധോണിയും മികച്ച ഇന്നിംഗ്സ് പടുത്തുയര്‍ത്തി എന്നത് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മ്മയും ഓപ്പണര്‍ ഗംഭീറും ബാറ്റിങ്ങ് എളുപ്പമായ പിച്ചില്‍ പരാജയപ്പെട്ടത് മാത്രമാണ് ഇന്ത്യയെ അലട്ടുന്ന ഘടകം. ബൗളിങ്ങില്‍ ടീമില്‍ തിരിച്ചെത്തിയ ഇര്‍ഫാന്‍ പഠാന്‍ മികച്ച ബൗളിങ്ങാണ് ആദ്യ മത്സരത്തില്‍ കാഴ്ചവെച്ചത്.
മറുവശത്ത് ശ്രീലങ്ക പരിക്കിന്റെ പിടിയിലാണ്. ആദ്യ ഏകദിനത്തില്‍ സെവാഗിന്റെ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ നുവാന്‍ കുലശേഖരക്ക് പരമ്പരയിലെ ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമാകുന്നത് ലങ്കക്ക് തിരിച്ചടിതന്നെയാണ്. കുലശേഖരക്ക് പകരക്കാരനായി ഫാസ്റ്റ് ബൗളര്‍ നുവാന്‍ പ്രദീപിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്റിങ്ങ് നിരയും ഫോമിലേക്കെത്തിയിട്ടില്ല. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ജയിച്ചുവന്ന ലങ്കന്‍ നിരയുടെ നിഴല്‍ മാത്രമായിരുന്നു ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ കണ്ടത്. കുമാര്‍ സംഗക്കാര മാത്രമാണ് ഉജ്ജ്വല പ്രകടനം നടത്തിയത്. 133 റണ്‍സെടുത്ത സംഗക്കാരക്ക് സഹതാരങ്ങള്‍ പിന്തുണ നല്‍കുന്നതില്‍ പരാജയപ്പെട്ടതാണ് ആദ്യ ഏകദിനത്തില്‍ ലങ്കക്ക് തിരിച്ചടിയായത്. ഓപ്പണര്‍മാരായ ദില്‍ഷനും ഉപുല്‍ തരംഗയും ക്യാപ്റ്റന്‍ മഹേല ജയവര്‍ദ്ധനെയും ചണ്ഡിമലും മാത്യൂസും ഉള്‍പ്പെട്ട മധ്യനിര പരാജയപ്പെട്ടതാണ് ലങ്കക്ക് ആദ്യ ഏകദിനത്തില്‍ തിരിച്ചടിയായത്. എന്തായാലും ലീഡ് ഉയര്‍ത്താന്‍ ഇന്ത്യയും സമനിലപിടിക്കാന്‍ ലങ്കയും ഇന്ന് ഇറങ്ങുന്നതോടെ മത്സരം ആവേശകരമായിരിക്കുമെന്ന് ഉറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല