സ്വന്തം ലേഖകൻ: അവനത് ആദ്യ അനുഭവമായിരുന്നു. രാത്രിയില്‍ ആകാശത്തിലൂടെയുള്ള യാത്ര, ചുറ്റും മിന്നിത്തിളങ്ങുന്നു. വിമാനത്തിന്റെ ഗ്ലാസ് വിന്‍ഡോയില്‍ കൂടി അവന്‍ ആ കാഴ്ച ആസ്വദിച്ചു. അതിന്റെ ചിത്രം അവന്റെ പിതാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ഇങ്ങനെ കുറിച്ചു.
‘എന്റെ മകന്‍ രാത്രി വിമാനത്തില്‍ ആദ്യമായി വിദേശത്തേക്ക് പോകുന്നു’. ദക്ഷിണകൊറിയയിലെ മൂവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുമ്പോള്‍ അപകടത്തില്‍പ്പെട്ട് തീഗോളമായി മാറിയ വിമാനത്തിലുണ്ടായിരുന്ന ഏറ്റവും പ്രായംകുറഞ്ഞ യാത്രക്കാരനായിരുന്നു ആ മൂന്ന് വയസ്സുകാരന്‍.
ജെജു എയര്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് കത്തി 179 പേരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 181 പേരില്‍ രണ്ടുപേരൊഴികെ ബാക്കിയുള്ളവരെല്ലാം വിമാനത്തിനൊപ്പം കത്തിയമര്‍ന്നു. ലോകത്തെ തന്നെ നടക്കിയ ദുരന്തത്തില്‍ അകപ്പെട്ടവരുടെ പേരുകളും ചിത്രങ്ങളും പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്.
കാങ് കോ എന്ന 43കാരനും ഭാര്യ ജിന്‍ ലീ സിയോണ്‍ 37-കാരിയും അവരുടെ മൂന്ന് വയസ്സുള്ള മകനും അപകടത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തായ്ലന്‍ഡില്‍ അവധി ആഘോഷിക്കാന്‍ പോയതാണ് ഈ കുടുംബം. തിരിച്ചുവരുമ്പോഴാണ് അവര്‍ ദുരന്തത്തില്‍പ്പെട്ടത്. മകന്റെ ആദ്യ വിദേശയാത്ര സംബന്ധിച്ച് അവന്‍ വിമാനത്തിന്റെ വിന്‍ഡോയിലൂടെ നോക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു കാങ് കോ. അപകടശേഷം ഈ ചിത്രമിപ്പോള്‍ നൊമ്പര കാഴ്ചയായി മാറിയിരിക്കുകയാണ്.
കാങ് കോയും കുടുംബവും തായ്‌ലന്‍ഡില്‍നിന്നെടുത്ത ചിത്രം
തായ്ലന്‍ഡ് ട്രിപ്പിലെ മറ്റുവിശേഷങ്ങളും ചിത്രങ്ങളും കാങ് കോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. കിയ ടൈഗേഴ്സ് ബേസ്‌ബോള്‍ ടീമിന്റെ പബ്ലിക് റിലേഷന്‍സില്‍ പ്രവര്‍ത്തിക്കുന്ന കാങ് കോ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് കുടുംബത്തോടൊപ്പം തായ്‌ലന്‍ഡ് സന്ദര്‍ശിച്ചത്.
അതിമനോഹരമായ തായ് കൊട്ടാരത്തിലെ കാഴ്ചകള്‍ മുതല്‍ ബാങ്കോക്കിലേക്കുള്ള അവരുടെ വിമാനത്തിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കുന്ന പിഞ്ചുകുഞ്ഞിന്റെ ഹൃദ്യമായ ചിത്രം വരെയുള്ള യാത്രയുടെ ഓരോ നിമിഷവും കാങ് കോ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അവരുടെ സന്തോഷകരമായ അവധി അവസാനിച്ചത് ഭയാനകമായ ഒരു ദുരന്തത്തിലാണ്.
179 പേരുടെ ജീവനെടുത്ത വിമാനാപകടത്തിന്റെ കാരണം കൃത്യമായി കണ്ടെത്താന്‍ അധികൃതര്‍ക്ക് ആയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല